വിക്രം നായകനായി എത്തുന്ന തമിഴ് ചിത്രം സ്വാമി -2 ൽനിന്ന് തൃഷ പിൻമാറി എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ആശയപരമായ അഭിപ്രായഭിന്നതകൾ ഉള്ളതുകൊണ്ട് താൻ പിൻമാറുന്നു എന്നാണ് തൃഷ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്. തൃഷയും വിക്രവും പ്രധാന വേഷത്തിൽ എത്തിയ സ്വാമി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്വാമി-2. ഹരിതന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും തൃഷയെത്തന്നെയാണ് നായികയായി തീരുമാനിച്ചത്. ഒപ്പം മലയാളിയായ കീർത്തി സുരേഷിനും തുല്യ പ്രാധാന്യം നൽകുന്നുണ്ട്. ഇതാണ് തൃഷയുടെ പിന്മാറ്റത്തിനു കാരണമെന്നാണ് ഇപ്പോഴത്തെ വാർത്തകൾ. കീർത്തിക്ക് തന്നേക്കാൾ പ്രാധാന്യം നൽകുന്നു എന്നുതോന്നിയതുകൊണ്ടാണതേ്ര തൃഷ പിന്മാറിയത്.
സംവിധായകൻ ഹരിയും നായകൻ വിക്രവും കീർത്തി സുരേഷും നിൽക്കുന്ന ലൊക്കേഷൻ ചിത്രവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതും തൃഷയെ ചൊടിപ്പിച്ചത്രേ. ചിത്രീകരണം തുടങ്ങിയതിനുശേഷം തൃഷ ഇട്ടിട്ടുപോയത് അണിയറ പ്രവർത്തകരെപ്പോലെതന്നെ ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്. ഒരുകാലത്ത് തമിഴ് സിനിമയുടെ റാണിയായിരുന്ന തൃഷയ്ക്ക് ഈയിടെയായി ചിത്രങ്ങൾ കുറവാണ്.