കൊല്ലം: ആശ്രമവാസിയായ സ്വാമിയെ ആശ്രമത്തിനുള്ളിൽ മർദിച്ചതായി പരാതിയിൽ റൂറൽ പോലീസ് അന്വേഷണം ശക്തമാക്കി. സദാനന്ദപുരം അവധൂതാ ശ്രമത്തിലെ അന്തേവാസി രാമാനന്ദഭാരതിക്കാണ് മർദനമേറ്റത്.ഇത് സംബന്ധിച്ച് കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം.
ആശ്രമത്തിലെത്തിയ അജ്ഞാതൻ കണ്ണിൽ മുളക് പൊടി എറിഞ്ഞ ശേഷം തലങ്ങും വിലങ്ങും അടിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ആശ്രമം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടതായും സ്വാമി പറഞ്ഞു. സ്വാമി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ആശ്രമവും ആശ്രമ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. വയോധികനായ മഠാധിപതിക്കും സഹായിയായ സ്വാമിക്കും മാനേജർക്കും മാത്രമേ ആശ്രമത്തിൽ പ്രവേശനം പാടുള്ളുവെന്ന് കോടതി ഉത്തരവുണ്ട്. ഇത് ലംഘിച്ച് നിരവധി പേർ ഇപ്പോഴിവിടെ തമ്പടിച്ചിട്ടുണ്ട്.
അപരിചിതരാണ് ഇവരെല്ലാമെന്ന് നാട്ടുകാർ പറയുന്നു. ആശ്രമഭൂമി കൈയേറ്റമാണ് കടന്നു കൂടിയിട്ടുള്ളവരുടെ ലക്ഷ്യമെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും സ്ഥലം സന്ദർശിച്ച മന്ത്രി കെ .ബി. ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് മഠാധിപതി ചിദാനന്ദസരസ്വതി റൂറൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസ് സംഘം ആശ്രമത്തിലെത്തി അന്വേഷണം നടത്തിയിരുന്നു.
കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിവരുന്നത്. രണ്ട് ദിവസത്തിനുള്ളിൽസംഭവത്തെക്കുറിച്ച് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.