ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രാസാദിനെതിരെ ലൈംഗിക പീഡന പരാതി.
അമേരിക്കൻ മലയാളിയായ നഴ്സാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയത്.
2019 ൽ ശിവഗിരി മഠത്തിന് നൽകിയ പരാതിയിൽ ഗുരുപ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയതോടെയാണ് യുവതി നടപടിക്കൊരുങ്ങിയത്.
അമേരിക്കയിലെ ഡാളസിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് 2019 ൽ ഗുരുപ്രസാദ് ടെകസസിൽ എത്തിയത്.
അമേരിക്കൻ മലയാളികളുടെ വീടുകളിൽ മാറി മാറിയായിരുന്നു താമസം. ജൂലൈ 9 നാണ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയത്.
യുവതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഗുരുപ്രസാദ് യുവതിയെ ബലാത്സംഗ ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി.
അമേരിക്കൻ പൊലീസിനെ ഫോണിൽ വിളിക്കാൻ ഒരുങ്ങിയപ്പോൾ സ്വാമി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
യുവതിയുടെ ഭർത്താവിന്റെ സാന്നിധ്യത്തിൽ ക്ഷമാപണം നടത്തിയതോടെയാണ് അന്ന് നിയമ നടപടികളുമായി മുന്നോട്ട് പോകാതിരുന്നത്.
ഗുരുപ്രസാദ് തിരികെ കേരളത്തിലെത്തിയ ശേഷം 2020 ഓഗസ്റ്റ് 6 ന് വാട്സ് അപ്പ് വഴി യുവതിക്ക് നഗ്ന ദൃശ്യങ്ങൾ അയച്ചുകടുത്തു.
ഇത് ചോദ്യം ചെയ്തപ്പോൾ അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. പിന്നീട് നിരന്തരം തുടർന്ന്. ഇതോടെ യുവതി ആദ്യം ശിവഗിരി മഠത്തിന് പരാതി നൽകി.
2021 മാർച്ച് 23 ചേർന്ന ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റിന്റെ ബോർഡിന്റെ യോഗത്തിൽ യുവതിയുടെ പരാതി പരിഗണിക്കുകയും ഏപ്രിൽ 15 ന് ഗുരുപ്രസാദിനെ മുഴുവൻ ചുമതലകളിൽ നിന്നും നീക്കുകയും ചെയ്തു.
ഇതിന് ശേഷം ഗുരുപ്രസാദിന് വൈരാഗ്യം കൂടിയെന്നാണ് യുവതി പറയുന്നത്. ഇക്കഴിഞ്ഞ ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ബോർഡ് അംഗം ആയതോടെ ഭീഷണി തുടങ്ങി.
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
എന്നാൽ ഇക്കഴിഞ്ഞ മെയ് അഞ്ചിന് കൊടുത്ത പരാതിയിൽ പൊലീസ് ഇതുവരെ നടപടി എടുക്കുന്നില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം.