നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരന് രക്ഷപ്പെടാന് സഹായകമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലെന്ന് സ്വപ്ന സുരേഷ്.
ഇന്ത്യയില് നിരോധനമുള്ള തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണുമായി 2017 ഓഗസ്റ്റ് നാലിന് നെടുമ്പാശേരിയില് പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായെന്നാണ് സ്വപ്നയുടെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട കൂടുതല് തെളിവുകള് അടുത്തദിവസം പുറത്തുവിടുമെന്നും സ്വപ്ന കൊച്ചിയില് മാധ്യമങ്ങളോടു പറഞ്ഞു.
യുഎഇ പൗരന് പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എഫ്ഐആര് സഹിതമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്.
സ്വപ്നയുടെ വാക്കുകള് ഇങ്ങനെ…കോണ്സുലേറ്റിലേക്ക് ഒരു കോള് വന്നു. ഒരു യുഎഇ പൗരന് പിടിക്കപ്പെട്ടു, നെടുമ്പാശേരി പോലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോണ്സുല് ജനറല് എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു.
ഇങ്ങനെയുള്ള കാര്യങ്ങള് വരുമ്പോള് തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന് ശിവശങ്കര് സാറിനെ വിളിച്ച് കാര്യങ്ങള് അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കര് സര് പറഞ്ഞു.
10 മിനിറ്റിനുള്ളില് അദ്ദേഹം തിരിച്ചുവിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികള് എടുത്തെന്നും പറഞ്ഞു. സ്വപ്ന വിശദീകരിച്ചു.
അധികം വൈകാതെ അയാള്ക്കു ജാമ്യം ലഭിക്കാന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായി.
തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ച യുഎഇ പൗരന് ഓഗസ്റ്റ് ഏഴിനു തന്നെ രാജ്യം വിട്ടു. ഇത്രയും ഗുരുതരമായ ഈ കേസില് പിന്നീട് തുടരന്വേഷണമുണ്ടായില്ല. സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
സ്വര്ണക്കടത്തു കേസ് എന്നു കേട്ടപ്പോള്ത്തന്നെ ദേശീയ അന്വേഷണ ഏജന്സികളെ ഇവിടേക്കു ക്ഷണിച്ച ആളാണ് മുഖ്യമന്ത്രിയെന്നും അതേ മുഖ്യമന്ത്രിയാണ് ഭീകരവാദ പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുന്ന തരം സാറ്റലൈറ്റ് ഫോണുമായി യുഎഇ പൗരന് പിടിക്കപ്പെട്ടപ്പോള് യാതൊരു അന്വേഷണവും കൂടാതെ ഇയാളെ വിട്ടയയ്ക്കാന് ഇടപെട്ടതെന്നും സ്വപ്ന പറയുന്നു.
30-ാം തീയതി ഇവിടെയെത്തിയ ഈ യുഎഇ പൗരന് നാലാം തീയതി പിടിയിലാകുന്നതുവരെ കേരളത്തില് എന്തൊക്കെ ചെയ്തു എന്നതില് യാതൊരു അന്വേഷണവും കൂടാതെ വിട്ടയയ്ക്കാന് മുഖ്യമന്ത്രിയും ശിവശങ്കറും ഇടപെട്ടു. ഒരു തീവ്രവാദിയെ ഇവിടെനിന്നു രക്ഷപ്പെടുത്താനാണ് കോണ്സുലേറ്റിനെയും കോണ്സല് ജനറലിനെയും ഇവര് സഹായിച്ചത്. സ്വപ്ന പറഞ്ഞു.
ഇതേക്കുറിച്ച് സ്വപ്ന പറഞ്ഞത് ഇങ്ങനെ…ഈജിപ്തില് ജനിച്ച യുഎഇ പൗരനാണ് അയാള്. അതായത് അയാള് ഒരു യഥാര്ഥ യുഎഇ പൗരനല്ലെന്ന് വ്യക്തം. അബുദാബിയില് നിന്ന് കോഴിക്കോട്ടേയ്ക്കാണ് അയാള് വന്നത്.
ഒമാന് എയര്വേയ്സ് വിമാനം വഴി രക്ഷപ്പെടാന് ശ്രമിച്ചപ്പോഴാണ് സിഐഎസ്എഫിന്റെ പിടിയിലായത്.
പിന്നീട് പിആര്ഒ ആവശ്യപ്പെട്ടതു പ്രകാരം ഒരു സത്യവാങ്മൂലം ഞാന് എഴുതി കോണ്സുല് ജനറലിനെക്കൊണ്ട് ഒപ്പിടുവിച്ച് വാട്സാപ്പില് അയച്ചുനല്കി.
നാലാം തീയതി അറസ്റ്റ് ചെയ്തയാള് ആറാം തീയതി വരെ കസ്റ്റഡിയിലായിരുന്നു. ആറിന് ഈ സത്യവാങ്മൂലം ഉപയോഗിച്ച് അയാളെ റിലീസ് ചെയ്തു.
ഏഴാം തീയതി അയാളെ തിരികെ അയച്ചു. ഒരു തീവ്രവാദിയെ രാജ്യം വിടാന് മുഖ്യമന്ത്രിയും ശിവശങ്കറും സഹായിച്ചു. സ്വപ്ന പറഞ്ഞു.
‘മുന്പ് ഞാന് പ്രോട്ടോക്കോള് ലംഘനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്, അത് തൂക്കിക്കൊല്ലാന് മാത്രം വലിയ കുറ്റമാണോയെന്ന് മുന് മന്ത്രി കെ.ടി.ജലീല് ചോദിച്ചു. അത് ശരിയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ഒരു തീവ്രവാദിയെ രക്ഷപ്പെടുത്താന് ഇടപെടുമ്പോള് ഒരു പ്രോട്ടോക്കോള് ലംഘനമൊക്കെ വലിയ കുറ്റമാണോയെന്ന് അദ്ദേഹത്തിനു തോന്നുന്നത് സ്വാഭാവികം. എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഒരു തീവ്രവാദിയെ രക്ഷപ്പെടുത്താന് യുഎഇ കോണ്സുലേറ്റിനെ സഹായിച്ചത്? അതിന്റെ ഉത്തരം അതില്ത്തന്നെയുണ്ട്. മകള് വീണയുടെ ബിസിനസ് സംബന്ധമായ ആവശ്യങ്ങള് നടത്തിയെടുക്കുന്നതിനാണ് അദ്ദേഹം നിയമവിരുദ്ധമായ ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് വ്യക്തമല്ലേ?’ സ്വപ്ന സുരേഷ് ചോദിക്കുന്നു.