സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിനു നല്കിയ മൊഴിയാണ് രഹസ്യമൊഴിയായി കോടതിയിലും ആവര്‍ത്തിക്കുന്നതെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയകോളിളക്കം സംഭവിക്കും.
കസ്റ്റംസിനു നല്കിയ മൊഴിപ്രകാരം കേരളം ഭരിക്കുന്ന രാഷ്ട്രീയകക്ഷികളിലെ പ്രമാണിമാരെല്ലാം പ്രതിസ്ഥാനത്തേക്കു കടന്നു വരും. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ബിസിനസുകാരും പ്രതിപ്പട്ടികയിലേക്കു കടന്നു വരുമെന്ന വിവരമാണ് പുറത്തു വരുന്നത്.
സ്വര്‍ണക്കടത്ത് ഇടപാടിനപ്പുറം ചില വന്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്വപ്നയും സരിത്തും വെളിപ്പെടുത്തിയേക്കുമെന്നാണ് വിവരം.
ഇരുവരുടെയും മൊഴികള്‍ പുറത്തായാല്‍ അവരുടെ ജീവന് അപകടത്തിലായേക്കാമെന്നാണ് കസ്റ്റംസ്, ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
കേസന്വേഷണത്തെ ബാധിക്കുമെന്ന കാരണത്താലാണ് ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍പ്പോലും മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.
സ്വപ്ന എല്ലാം തുറന്നു പറയുകയാണെന്ന സൂചനയാണ് പുറത്തു വരുന്നത്. കസ്റ്റംസ് കോഫെപോസെ ചുമത്തിയതോടെ വൈകാതെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയും മങ്ങി.
കോഫെപോസെ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോണ്‍ വിളിക്കാനും ബന്ധുക്കളെ കാണാനും അനുമതി. ഇതെല്ലാം തന്നെ തുറന്നു പറച്ചിലേക്കു നയിച്ചുവെന്നാണ് അനുമാനം.
മൂന്നുമന്ത്രിമാർ?
സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയില്‍ മൂന്നുമന്ത്രിമാരും കുടുംബാംഗങ്ങളും ഉന്നതനുമുണ്ടെന്ന് സൂചന. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന്, പോലീസിലെ ഉന്നതൻ എന്നിവരുമുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. എല്ലാ ഉന്നതരേയും പൊക്കാനാണ് ഡോവലിന്റെ പദ്ധതി.