
സ്വന്തം ലേഖകൻ
തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ തൃശൂരിൽ പാർപിച്ച ഫാത്തിമനഗറിലെ കോവിഡ് കെയർ സെന്ററായ അന്പിളിക്കല ഹോസ്റ്റലിൽ റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു.
സ്വപ്നയെ കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുപോയ ശേഷം ഇവിടെയെത്തിയ അങ്കമാലിയിൽ നിന്നുള്ള പിടിച്ചുപറിക്കേസിലെ റിമാൻഡ് പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14ന് എത്തിയ പ്രതിയുടെ പരിശോധനാഫലം ഇന്നലെ രാത്രിയാണ് വന്നത്.
ഇതോടെ അന്പിളിക്കല ഹോസ്റ്റൽ കോവിഡ് കെയർ സെന്റർ അടച്ചു. പുതിയ റിമാൻഡ് പ്രതികളെ ഇനി ഇവിടെ പ്രവേശിപ്പിക്കില്ല. നിലവിൽ 49 പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർ ഇവിടെ തന്നെ തുടരും.
13 ജീവനക്കാരും ഇവിടെയുണ്ട്. ഇവരും ക്വാറന്ൈറനിലാകും. പിടിച്ചുപറിക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്ത പോലീസുകാരും ക്വാറന്ൈറനിൽ പോകും.
തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള റിമാൻഡ് പ്രതികളും അന്പിളിക്കലയിലുണ്ട്. കോവിഡ് പരിശോധന നടത്തിയ ഫലമറിഞ്ഞ ശേഷമേ ഇവരെ ജയിലുകളിലേക്ക് മാറ്റാറുള്ളു.
കോവിഡ് സ്ഥിരീകരിച്ച പ്രതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വപ്നയെ ഒരു ദിവസം രാത്രി ഇവിടെ താമസിപ്പിച്ചതോടെയാണ് അന്പിളിക്കല ഹോസ്റ്റൽ കോവിഡ് കെയർ സെന്റർ ജനശ്രദ്ധ പിടിച്ചുപറ്റിയത്.