തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ആക്സിസ് ബാങ്ക് കരമന ബ്രാഞ്ച് മാനേജറെ സസ്പെൻഡ് ചെയ്തു. പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് ബാങ്ക് അധികൃതർ സസ്പെൻഡ് ചെയ്തത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും യുഎഇ കോണ്‍സുലേറ്റിനും ബാങ്കിന്റെ കരമന ബ്രാഞ്ചിൽ അക്കൗണ്ടുകളുണ്ടായിരുന്നു. സ്വപ്ന സുരേഷ് പണം ഡോളറാക്കി മാറ്റിയത് ഈ ബാങ്കിൽ നിന്നായിരുന്നുവെന്ന് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നു.
ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ പരിധിയിൽ കവിഞ്ഞ തുക ഡോളറാക്കി മാറ്റി നൽകിയെന്ന കാരണത്താലാണ് ശേഷാദ്രി അയ്യർക്കെതിരേ നടപടി സ്വീകരിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടും ശേഷാദ്രി അയ്യരിൽ നിന്ന് കസ്റ്റസും ഇഡിയും നേരത്തെ വിവരം ശേഖരിച്ചിരുന്നു.
ശേഷാദ്രി അയ്യരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ കൂടുതൽ നിയമ നടപടി സ്വീകരിക്കാൻ അന്വേഷണ സംഘങ്ങൾ തയാറായതെന്നാണു വിവരം.