കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്.
ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണ ഏജൻസികൾക്കു തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നുമാണ് ജയിൽവകുപ്പിന്റെ നിലപാട്. സ്വപ്നയ്ക്ക് നിലവിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നു കോടതിയെ അറിയിക്കാനും ജയിൽവകുപ്പ് തീരുമാനിച്ചതായാണു സൂചന.
സ്വപ്ന സുരേഷിനു ജയിലിൽ സുരക്ഷയൊരുക്കാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് (സാന്പത്തികം) കോടതിയിൽ നൽകിയ അപേക്ഷ പരിഗണിച്ചാണു കോടതി നടപടി.
നവംബർ 25 വരെ ജുഡീഷൽ കസ്റ്റഡിയിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിഞ്ഞിരുന്ന തന്നെ ജയിൽ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലർ വന്നു കണ്ടു.
കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
എന്തെങ്കിലും വിവരങ്ങൾ പുറത്തുവിട്ടാൽ തൻറെ കുടുംബത്തെയും ജയിലിനകത്തു വച്ച് തന്നെയും ഇല്ലാതാക്കാൻ കഴിവുള്ളവരാണു തങ്ങളെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയിൽ പറഞ്ഞിരുന്നു.
സ്വപ്നയെയും സരിത്തിനെയും കോടതി വീണ്ടും റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. അതേസമയം ജയിലിലായിരിക്കെ സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ നിലച്ചിരിക്കുകയാണെന്നും സൂചനയുണ്ട്.