
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെയും വിളിച്ചിട്ടുണ്ടെന്ന് ബാർ ഉടമ ബിജു രമേശ്. സ്വപ്ന തന്റെ അകന്ന ബന്ധുവാണ്. മദ്യത്തിനു വേണ്ടി അവർ തന്നെ ഫോണിൽ വിളിച്ചിട്ടുണ്ട്. എന്നാൽ സ്വർണക്കടത്തുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും ബിജു രമേശ് വ്യക്തമാക്കി.
ബാർ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരേ നിർണായക വെളിപ്പെടുത്തൽ നടത്തുന്നതിനിടെ യാണ് സ്വപ്ന സുരേഷുമായുള്ള ചില കാര്യങ്ങൾ ബിജു രമേശ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.
താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം പ്രഹസനമാകുകയാണ്. ഈ കേസ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുകയാണ് വേണ്ടത്.
എൽഡിഎഫും യുഡിഎഫും ഒത്തുകളിച്ച് കേസുകൾ ഇല്ലാതാക്കുകയാണെന്നും ബിജു രമേശ് കുറ്റപ്പെടുത്തി.