ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിന്റെ ഭരണം വനിതകൾ കയ്യടക്കി. പ്രസിഡന്റ് സ്വപ്ന ബിജു, വൈസ് പ്രസിഡന്റ് സീനാമോൾ റോബി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സീനത്ത് സലിം, ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആനി എം.ജോസഫ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജോളിമ്മ ജോസഫ് എന്നീ വനിതകളാണ് പഞ്ചായത്തിന്റെ സാരഥ്യം കൈപ്പിടിയിലൊതുക്കിയത്.
രണ്ടുമാസം മുന്‍പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കെ.എ.ഒൗസേഫ് അടുത്തിടെ രാജിവച്ചതിനെ തുടർന്നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ സീനാമോൾ റോബി വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. പഞ്ചായത്ത് സെക്രട്ടറിയും എസ്.ലതയെന്ന വനിതയാണ്. 16അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഒന്‍പതുപേരും വനിതകളാണെന്ന പ്രത്യേകതയും പായിപ്പാട് പഞ്ചായത്തിനുണ്ട്.
സ്വപ്ന ബിജു പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ്
ചങ്ങനാശേരി: പായിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിലെ സ്വപ്ന ബിജു തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസിലെ വത്സമ്മ കുഞ്ഞുമോൻ ധാരണ പ്രകാരം രാജിവച്ച ഒഴിവിലാണ് സ്വപ്ന തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു കേരളകോണ്‍ഗ്രസ് അംഗങ്ങളാണ് ഈ പഞ്ചായത്തിലുള്ളത്. 16അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വപ്ന ബിജുവിന് ഒന്‍പതും എൽഡിഎഫ് സ്ഥാനാർഥി അനുജക്ക് നാലും വോട്ടുകളാണ് ലഭിച്ചത്. ഒരു ബിജെപി അംഗവും രണ്ട് സ്വതന്ത്രരും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.