കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് നല്കിയ ജാമ്യ ഹര്‍ജിയില്‍ വാദം നാളെ നടക്കും.
തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്നു തന്നെയാണു എന്‍ഐഎയുടെ അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. കേസില്‍ തീവ്രവാദം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ നാളെ കോടതിയില്‍ വെളിപ്പെടുത്തിയേക്കുമെന്നാണു വിവരങ്ങള്‍.
സ്വര്‍ണം കടത്തി ലഭിക്കുന്ന പണം ഉപയോഗിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തിയത്. കേസില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള എന്ത് തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്നായിരുന്നു പ്രത്യേക എന്‍ഐഎ കോടതി ആരാഞ്ഞത്.
കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ തീവ്രവാദബന്ധമില്ലെന്നും അത്തരത്തില്‍ യാതൊരു തെളിവുകളും എന്‍ഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചതെങ്കിലും തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്നു തന്നെയാണു എന്‍ഐഎയുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചത്.
ഇത് ശരിവയ്ക്കുന്ന നീക്കങ്ങളാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. കേസുമായി ആറ് പേരെകൂടി എന്‍ഐഎ അറസ്റ്റ് ചെയ്തതോടെ ശക്തമായ തെളിവുകള്‍ സംഘത്തിന് ലഭിച്ചതായാണു സൂചനകള്‍.
മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലി, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലി ഇബ്രാഹിം, മൂവാറ്റുപുഴ സ്വദേശികളായ എ.എം. ജലാല്‍, മലപ്പുറം സ്വദേശികളായ ഇ. സെയ്ദ് അലവി(ബാവ), പി. മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരാണു സംഘത്തിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെയാണു എന്‍ഐഎ അറസ്റ്റു ചെയ്തിട്ടുള്ളത്. പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഹാര്‍ഡ് ഡിസ്ക്ക്, ഒരു ടാബ്ലെറ്റ്, എട്ട് മൊബൈല്‍ ഫോണുകള്‍, ആറ് സിംകാര്‍ഡ്, ഒരു ഡിജിറ്റല്‍ ഓഡിയോ റെക്കോര്‍ഡര്‍, അഞ്ച് ഡിവിഡി, പാസ്ബുക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യാത്രാ രേഖകള്‍ എന്നിവ പിടിച്ചെടുത്തു.
ഇവ പരിശോധിക്കുന്നതോടെ അന്വേഷണത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് വേഗം കൂടുമെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. കേസിൽ പിടിയിലായ മുഹമ്മദ് അലി തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസറായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലെ പ്രതിയായിരുന്നു.
കൈവെട്ട് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നുവെങ്കിലും 2015 ലെ വിചാരണയില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് എന്‍ഐഎ കോടതി വെറുതെ വിട്ടു. സ്വര്‍ണക്കടത്തിലെ സൂത്രധാരനായ പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങിയവരാണ് എ.എം. ജലാല്‍, സെയ്ദ് അലവി, മുഹമ്മദ് ഷാഫി, അബ്ദു എന്നിവര്‍.
സ്വര്‍ണം വാങ്ങാന്‍ ജലാലിനെ സഹായിക്കുകയും അതിനായി ഗൂഢാലോചന നടത്തുകയും ചെയ്തത് മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയുമാണെന്ന് എന്‍ഐഎ വെളിപ്പെടുത്തുന്നത്.
ദുബായില്‍നിന്ന് സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദിന് സമാനമായ റോളുള്ള മൂവാറ്റുപുഴ സ്വദേശി റെബിന്‍സ് ഹമീദ്, കെ.ടി. റെമീസ് എന്നിവരുടേതുള്‍പ്പെടെ പ്രതികളുടെ വീടുകളില്‍ എന്‍ഐഎ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തത്.