കെ.ഇന്ദ്രജിത്ത്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ഉന്നതനെ സന്ദർശിച്ചത് ഒന്നിലേറെ തവണ. ഈ സന്ദർശനങ്ങളിലെല്ലാം സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തും കൂടെയുണ്ടായിരുന്നു.
ഈ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സെക്രട്ടറിയേറ്റിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതോടുകൂടി ദൃശ്യങ്ങൾ പകർത്തി എൻഐഎക്കു കൈമാറാനുള്ള നടപടികൾ സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് അവസാനിപ്പിക്കാൻ മുകളിൽനിന്നു നിർദേശം വന്നു.
ഓരോ സന്ദർശനത്തിലും ഉന്നതന്റെ ഓഫീസിൽ മുപ്പതു മിനിട്ടോളം സ്വപ്ന ചെലവഴിച്ചതായും ദൃശ്യങ്ങളിലുണ്ട്. പലരും കയറാൻ ഭയക്കുന്ന കാബിനുകളിലും സ്വപ്ന കയറിയതായി പറയുന്നു. ദൃശ്യങ്ങൾ കണ്ടതോടെ പകർത്താൻ ചുമതലപ്പെട്ടവരും അങ്കലാപ്പിലായി.
ദൃശ്യങ്ങൾ പകർത്താനുള്ള നടപടികൾ വൈകുന്നതോടെ എൻഐഎയ്ക്കു മറ്റു വഴികൾ സ്വീകരിക്കേണ്ടി വരും. ഹാർഡ് ഡിസ്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യേണ്ടി വരും.
ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങൾ പകർത്താൻ 400 ടിബി ശേഷിയുള്ള ഹാർഡ് ഡിസ്ക് ആവശ്യമാണെന്നും ഇതു വിദേശത്തുനിന്നു എത്തിക്കേണ്ടി വരുമെന്നുമുള്ള സാങ്കേതിക കാരണം പറഞ്ഞാണു പകർത്തൽ നീട്ടിയത്.
2019 ജൂലൈ ഒന്നുമുതൽ 2020 ജൂലൈ 12വരെയുള്ള ദൃശ്യങ്ങളാണ് എൻഐഎ തേടിയത്.സിപിഎമ്മുമായി ബന്ധമുള്ള മറ്റൊരു ഉന്നതന്റെ ഓഫീസിൽ സ്വപ്നയെത്തുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയിൽ ഉണ്ട്.
എൻഐഎ നോട്ടീസ് നൽകിയതിനെത്തുടർന്നാണ് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. സെക്രട്ടറിയേറ്റിലെ ഉന്നതരുടെ ഓഫീസിൽ സ്വപ്നയെത്തുന്നതിന്റെ ദൃശ്യങ്ങളുണ്ടോയെന്നാണു പൊതുഭരണ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം പരിശോധിച്ചത്.
അതുണ്ടെന്നു കണ്ടെത്തിയതോടെയാണ് ദൃശ്യങ്ങൾ പകർത്തുന്നത് നിർത്താൻ നിർദേശമുണ്ടായത്. സെക്രട്ടറിയേറ്റിലെ 83 കാമറകളുടെ ഒരു വർഷത്തെ വിശദാംശങ്ങളാണ് എൻഐഎയും കസ്റ്റംസും തേടിയത്.