തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷ് വ്യാജ ബിരുദം നേടി ഐടി വകുപ്പിൽ ജോലി നേടിയ സംഭവത്തെകുറിച്ചുള്ള പരാതിയിൽ കന്റോൺമെന്റ് പോലീസ് ഇന്നു അന്വേഷണം ആരംഭിക്കും.
കന്റോൺമെന്റ് എസി സുനീഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇന്നലെയാണ് ഇതു സംബന്ധിച്ച പരാതി കന്റോൺമെന്റ് പോലീസിന് ലഭിച്ചത്. അന്വേഷണത്തിനായി സ്വപ്നയുടെ വീട് പരിശോധിക്കാനും സർവകലാശാല ഉദ്യോഗസ്ഥരിൽ നിന്ന് വിവരം തേടാനും ആലോചന.
പ്രൈസ് വാട്ടർ കൂപ്പേഴ്സ്, വിഷൻ ടെക്നോളജീസ് എന്നിവയേയും ചോദ്യം ചെയ്യും. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയുമാണ് സ്വപ്ന സുരേഷ് ഐടി വകുപ്പിന് കീഴിൽ കരാർ ജോലി നേടിയത്.
മാനേജിങ് ഡയറക്ടറുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് സ്വപ്നക്കൊപ്പം കൺസൾട്ടൻസികളായ പ്രൈസ് വാട്ടർ കുപ്പേഴ്സ്, വിഷൻ ടെക്നോളജീസ് എന്നിവരെയും പ്രതിചേർത്തു.വ്യാജ സർട്ടിഫിക്കറ്റുള്ള സ്വപ്നക്ക് ജോലി നൽകാൻ ഈ കൺസൾട്ടൻസികളുടെ ശുപാർശയും കാരണമായെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ആന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഐ ടി ലിമിറ്റഡ് എംഡിയുടെ വിശദമായ മൊഴി എടുക്കും. അതിന് ശേഷം സ്വപ്നയുടെ സർട്ടിഫിക്കറ്റിന്റെ യഥാർഥ പകർപ്പു കണ്ടെത്താൻ സ്വപ്നയുടെ വീട്ടിൽ പരിശോധന നടത്തും.
സർട്ടിഫിക്കറ്റ് നൽകിയെന്ന് പറയുന്ന മഹാരാഷ്ട്രയിലെ ഡോ. ബാബാസാ ഹേബ് അംബേക്കർ യൂണിവേഴ്സിറ്റി അധികൃതരിൽനിന്ന് വിവരങ്ങളും തേടണം. ഇത്തരത്തിൽ സംസ്ഥാനത്ത് പുറത്ത് പോയും അന്വേഷിക്കേണ്ടതിനാൽ ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തേയോ ക്രൈംബ്രാഞ്ചിനയോ എൽപ്പിക്കാനുള്ള സാധ്യതയുമുണ്ട്.