എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി കന്റോൺമെന്റ് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ സ്വപ്നാ സുരേഷ് എൻഐഎയുടെ കസ്റ്റഡിയിലാണ്.
സ്വപ്നയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. തുടർ ചോദ്യം ചെയ്യുന്നതിനായി എൻഐഎ വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് അറിയുന്നത്. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ എൻഐഎ കോടതിയിലാണ് കന്റോൺമെന്റ് പോലീസ് സമർപ്പിക്കുന്നത്.
ഇതിനുള്ള നടപടിക്രമങ്ങൾ കന്റോൺമെന്റ് പോലീസ് ആരംഭിച്ചിട്ടുണ്ട്. വ്യാജ ബിരുദ കേസിൽ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് ഈ കേസിൽ മേൽനോട്ടം വഹിക്കുന്ന കന്റോൺമെന്റ് എസി സുനീഷ് ബാബു രാഷ്ട്രദീപികയോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.കെഎസ്ഐടിഎൽ എംഡി ഡോ. ജയശങ്കർ പ്രസാദിന്റെ
പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരേയും പൊലീസ് കേസെടുത്തത്.
വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഈ കേസിന്റെ തുടരന്വേഷണത്തിന് സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.