കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഭവന പദ്ധതിയുടെ നിര്‍മാണക്കരാര്‍ യൂണിടാക് കമ്പനിക്ക് ലഭ്യമാക്കാന്‍ സ്വപ്ന കമ്മീഷന് വാങ്ങിയിരുന്ന കാര്യം തനിക്കറിയാമായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍.
വ്യാഴാഴ്ച്ച എട്ടരമണിക്കൂര്‍ നടത്തിയ എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കമ്മീഷന് ഇടപാടില്‍ തനിക്ക് ബന്ധമില്ലെന്നും ലോക്കറിലുണ്ടായിരുന്നത് തന്റെ പണമല്ലെന്നും ശിവശങ്കര്‍ എന്‍ഐഎക്ക് മൊഴിനല്‍കി.
പ്രളയദുരിതാശ്വാസത്തിനു വിദേശസഹായം തേടി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം യുഎഇയില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സ്വപ്നയ്ക്കും അറിയാമായിരുന്നു.
ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു ശേഷം യുഎഇ കോണ്‍സുലേറ്റിലെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി സ്വപ്ന നടത്തിയ സമാന്തര ചര്‍ച്ചകളെ തുടര്‍ന്നാണു പദ്ധതിയുടെ മറവില്‍ നടത്തിയ കമ്മിഷന് ഇടപാടുകളുടെ തുടക്കം. ഇതേക്കുറിച്ചു ശിവശങ്കറിനും അറിവുണ്ടായിരുന്നു.
എന്നാല്‍ വിദേശത്തുനിന്നു സാമ്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാര്‍ക്കു കമ്മിഷന് ലഭിക്കുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്ന ഉപദേശമാണു തനിക്കു ലഭിച്ചതെന്നാണു ശിവശങ്കർ മൊഴി നല്‍കിയത്.
കമ്മിഷന് തുകയില്‍ ഒരു രൂപ പോലും താന്‍ കൈപ്പറ്റിയിട്ടില്ല. ലോക്കറില്‍ കണ്ടെത്തിയ പണവും സ്വര്‍ണവും സ്വപ്നയുടെത് മാത്രമാണ്. ലോക്കര്‍ തുറക്കാന്‍ സഹായിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരിചയക്കാരനാണ്.
യുഎഇ കോണ്‍സുലേറ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കു നിയമോപദേശം നല്കാന് കഴിയുന്ന വിശ്വസിക്കാവുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തണമെന്നാവശ്യപ്പെട്ടതു സ്വപ്നയാണ്. അങ്ങനെയാണു നേരിട്ടറിയാവുന്ന ഒരാളെ പരിചയപ്പെടുത്തിയതെന്നും ശിവശങ്കര്‍ കഴിഞ്ഞ ദിവസം എന്‍ഐഎയ്ക്ക് നല്കിയ മൊഴിയില്‍ പറയുന്നു.