കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങൾ.
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജാ ഭരണാധികാരിയുടെ സഹായം തേടിയെന്നും ഇതിനായി ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപിക്കുന്നു.
ജീവനു ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു ചില കാര്യങ്ങള്‍ രഹസ്യമൊഴിയായി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2017ല്‍ ഷാര്‍ജാ ഭരണാധികാരി എത്തിയപ്പോഴായിരുന്നു ക്ലിഫ് ഹൗസ് ചര്‍ച്ച. നളിനി നെറ്റോയും എം. ശിവശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയില്‍നിന്നു താനുള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തി. യുഎഇയിലെ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
ഷാര്‍ജാ ഭരണാധികാരിയുടെ എതിര്‍പ്പാണ് മകളുടെ ഐടി സംരംഭ ത്തിനു തടസമായത്.കോവളത്ത് ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യക്കു സമ്മാനം നല്കാന് മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു.
സമ്മാനങ്ങള്‍ അവര്‍ സ്വീകരിക്കില്ലെന്നു പറഞ്ഞു മുഖ്യമന്ത്രിയുടെ ഭാര്യയെ താൻ പിന്തിരിപ്പിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ക്ലിഫ് ഹൗസിലെത്തിയിരുന്നു: മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പലപ്പോഴായി വന്നിട്ടുണ്ടെന്നു സ്വപ്ന സുരേഷിന്റെ ആരോപണത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ മറുപടി അടങ്ങിയ വീഡിയോ ഷെയർ ചെയ്തു മുഖ്യമന്ത്രിയുടെ ഓഫീസ്.
കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ ക്ലിഫ് ഹൗസിൽ സ്വപ്ന സുരേഷ് വന്നിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കോണ്‍സുലേറ്റ് ജനറൽ വരുന്പോഴൊക്കെ ഒപ്പം സ്വപ്നയുമുണ്ടായിരുന്നു. എപ്പോഴൊക്കെ അദ്ദേഹം വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്നയും ഒപ്പമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി രണ്ടു വർഷം മുന്‍പു പറഞ്ഞ വീഡിയോയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങൾക്കു നൽകിയത്.
സ്വർണക്കടത്തു വിവാദം മുൻപു കത്തി നിൽക്കവേ 2020 ഒക്ടോബർ 13നു മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഇതു പറഞ്ഞിരുന്നത്.