കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിച്ച എന്‍ഐഎ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടത്.
അതുകൊണ്ടുതന്നെ ഈ ചോദ്യം ചെയ്യല്‍ അതിനിര്‍ണായകമാകും. കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍ എന്നിവയില്‍ നിന്നും നശിപ്പിച്ച വിവരങ്ങള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ഇതിൽ പ്രധാനമായത് വാട്സ് ആപ്പ് ചാറ്റുകളാണ്.
ഇതില്‍നിന്നും നിര്‍ണായക സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പ്രമുഖര്‍ കുടുങ്ങുന്ന തരത്തിലുള്ള തെളിവുകള്‍ എന്‍ഐഎ വീണ്ടെടുത്ത ഡാറ്റകളിലുണ്ടെന്നാണ് സൂചന.
2000 ജിബി ഡാറ്റയാണ് എന്‍ഐഎ പ്രതികളില്‍നിന്നും പിടിച്ചെടുത്ത ആറ് മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള് എന്നിവയില്‍നിന്നും സി -ഡാകില്‍ നടന്ന വിശദമായ പ്രാഥമിക പരിശോധനയില്‍ വീണ്ടെടുത്തത്.
വാട്സാപ്പ് ചാറ്റ്, ഫേസ്ബുക്, ഇ-മെയില്‍ എന്നിവയിലേതടക്കം മുഴുവന്‍ രേഖകളും ഇക്കഴിഞ്ഞ ഒമ്പതിന് പൂര്‍ത്തിയായ ആദ്യ പരിശോധനയില്‍ സി-ഡാക് വീണ്ടെടുത്തിരുന്നു.
മൊഴികളിൽ വൈരുധ്യം
ഈ ലഭിച്ച തെളിവുകളും സ്വപ്ന സുരേഷ് ആദ്യം നല്കിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സ്വപ്നയും സരിത്തും പ്രമുഖരുമായി നടത്തിയ ചാറ്റുകളും കള്ളക്കടത്ത് സംഘങ്ങളുമായി നടത്തിയ ആശയവിനിമയങ്ങളും പ്രതികള്‍ നശിപ്പിച്ചിരുന്നു.
എന്നാല്‍ ഇത് വീണ്ടെടുത്ത സാഹചര്യത്തില്‍ പ്രമുഖരുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് നശിപ്പിച്ച ഡാറ്റകളെന്നാണ് വിവരം.
അതുകൊണ്ടുതന്നെ ശിവശങ്കറെ എന്‍ഐഎ വീണ്ടും വിളിപ്പിച്ചേക്കും. കൂടാതെ എന്‍ഐഎയുടെ ഒരു സംഘം ഇന്നലെ തിരുവനന്തപുരം സി-ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ നല്കിയ മൊഴി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് പരിശോധന നടത്തിയത്. പരിശോധന ഇന്നും തുടരുമെന്നാണ് അറിയുന്നത്.
ആദായനികുതി വകുപ്പും ചോദ്യം ചെയ്യും
അതേസമയം സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍. കെ.ടി റമീസ്, എന്നിവരുള്‍പ്പെടെയുള്ള ഒമ്പതു പ്രതികളെ ചോദ്യം ചെയ്യുന്നതിന് ഇന്നലെ ആദായനികുതി വകുപ്പിന് കോടതി അനുമതി നല്‍കിയിരുന്നു.
നികുതിയടക്കാത്ത പണം സ്വപ്നയുടെ ലോക്കറില്‍ നിന്നടക്കം കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നും നികുതി വെട്ടിപ്പു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയേണ്ടത് അനിവാര്യമാണെന്നു ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതിനു അനുമതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്ന ഒഴികെ ബാക്കി പ്രതികളെ വിയൂര്‍ ജയിലിലെത്തി ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ ആദായനികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്.