കൊച്ചി: എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോള്‍ കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ ആരും ഇല്ലായിരുന്നുവെന്ന രേഖ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇഡി.
മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ നിര്‍ബന്ധിക്കുന്നതു കേട്ടെന്ന പോലീസ് വാദം പൊളിക്കാനാണ് ഇഡി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇഡി സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.
കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയത് ഓഗസ്റ്റ് 14-നാണ്. അന്നാണു ചോദ്യം ചെയ്യലില്‍ വനിതാ പോലീസുകാരുടെ സാന്നിധ്യം കോടതി നിര്‍ദേശിച്ചത്. അതിന് ശേഷം ഇഡി ചോദ്യം ചെയ്തിട്ടേ ഇല്ല.
രേഖകള്‍ പരിശോധിച്ചതില്‍ നിന്നു പോലീസുകാരികളുടെ മൊഴി വ്യാജമാണെന്നും അതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് ഇഡിയുടെ വാദം.
സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ വനിതാ പോലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന രേഖകളാണ് ഇഡി ഇന്നലെ ഹൈക്കോടതിക്കു കൈമാറിയത്.
സെക്ഷന്‍ 164, 108 പ്രകാരം സ്വപ്ന നല്കിയ രണ്ടു സുപ്രധാന മൊഴിയിലെ വിവരങ്ങള്‍ കസ്റ്റംസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
അവയിലാണു മുഖ്യമന്ത്രിയുടെ പേരുള്ളതെന്നിരിക്കെ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ തങ്ങള്‍ നിര്‍ബന്ധിച്ചെന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.
ഇഡി ഉദ്യോഗസ്ഥന് ചോദിച്ച ചോദ്യങ്ങളില്‍ കൂടുതലും “സ്വപ്നയെ ഫോഴ്സ് ചെയ്തു മുഖ്യമന്ത്രിയുടെ പേരു പറയിക്കുന്ന തരത്തില്‍’ ഉള്ളതായിരുന്നുവെന്നാണു സ്വപ്നയുടെ ബോഡി ഗാര്‍ഡായി ഡ്യൂട്ടിചെയ്ത വനിതാ പോലീസുകാര്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയത്.
ഈ മൊഴിയാണ് ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് കാരണം.