കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇല്ലെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പോലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല.
അതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും വ്യക്തമാക്കി എറണാകുളം ജില്ലാ കോടതിയിൽ ഇഡി സത്യവാങ്മൂലം സമർപ്പിച്ചു.
നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെ സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഇതിനുപിന്നാലെ പോലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്.