കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ പ്രധാന പ്രതി സ്വപ്ന സുരേഷിനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും.
ചോദ്യം ചെയ്യൽ പൂർത്തിയാവാത്തതിനാൽ ഇന്ന് ഹാജരാകണമെന്ന് ഇഡി സ്വപ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തുടങ്ങിയത്.
ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോണ്‍സുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്.
മുൻമന്ത്രി കെ.ടി ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ്
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ സ്വപ്ന സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
പോലീസ് ക്ലബിൽ നാളെ രാവിലെ 11-ന് ഹാജരാകാനാണ് നിർദേശം. ഹാജരായില്ലെങ്കിൽ മറ്റു നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം എന്നാണ് അറിയുന്നത്.
എന്നാൽ ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകുകയുള്ളുവെന്ന് സ്വപ്ന കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്നയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ അത് അവഗണിച്ച് ഇഡി ഓഫീസിൽ ഹാജരാകുകയാണുണ്ടായത്.
ജീവനു ഭീഷണിയുണ്ടെന്ന് സ്വപ്ന
എത്രനാൾ ജീവനോടെയുണ്ടാകുമെന്ന് ഉറപ്പില്ലെന്നും തനിക്കും കുടുംബത്തിനുമെതിരേ വധഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞു.
മുൻമന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് വ്യക്തമാക്കി നൗഫൽ എന്നയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചു. ഒരുപാട് ഭീഷണി ആദ്യം മുതലേയുണ്ടായിരുന്നു.
അതിനാൽ അത്തരം ഭീഷണിയൊന്നും മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാൽ, ഇപ്പോഴുണ്ടായ ഭീഷണി ഫോണ്‍കോൾ വഴി നേരിട്ടുള്ളതാണെന്നും സ്വപ്ന കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍പ് നെറ്റ് വഴിയുള്ളതും ആരാണ് വിളിക്കുന്നതെന്ന് വെളിപ്പെടുത്താത്തവയുമായിരുന്നു. ഇപ്പോൾ സ്വന്തം പേരും വിവരങ്ങളും വെളിപ്പെടുത്തിയാണ് ഭീഷണി.
മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും കെ.ടി. ജലീലിന്റെയുമൊക്കെ പേരുകളിലുള്ള വിവാദങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്നുള്ള മുന്നറിയിപ്പാണ് ശനിയാഴ്ച രാവിലെ മുതൽ തനിക്ക് ലഭിക്കുന്നത്.
രണ്ടാമതു വന്ന ഫോണ്‍ കോളിൽ മരട് അനീഷ് എന്നയാളെക്കുറിച്ച് പറയുന്നുണ്ട്. ഭീഷണി സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
കോൾ റിക്കാർഡിംഗും സ്ക്രീൻഷോട്ടും സഹിതമാണ് പരാതി അയച്ചതെന്നും സ്വപ്ന പറഞ്ഞു. അതേസമയം സ്വപ്നയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ തിരൂര്‍ക്കാട് നെച്ചിത്തടത്തില്‍ നൗഫലിനെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളത്തേക്ക് താമസം മാറ്റി
അതേസമയം സ്വപ്ന സുരേഷ് എറണാകുളം വാരാപ്പുഴയിലേക്ക് താമസം മാറി. പറവൂർ കൂനമ്മാവിനു സമീപം കോട്ടുവള്ളി പീപ്പിൾസ് റോഡിലെ ഇരുനില വീട്ടിലേക്കാണ് ഞായറാഴ്ച താമസം മാറിയത്.
തിരുമുപ്പം സ്വദേശിയിൽനിന്നു മാസം 20,000 രൂപ വാടകയ്ക്കാണ് വീട് എടുത്തിട്ടുള്ളത്. ഞായറാഴ്ച രാവിലെ 11 ഓടെ വരാപ്പുഴ പോലീസ് സ്റ്റേഷനിൽ എത്തി എസ്എച്ച്ഒയുമായി സംസാരിച്ചു.
കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനാണ് വാരാപ്പുഴയിലേക്കു താമസം മാറുന്നതെന്ന് സ്വപ്ന പോലീസിനോട് പറഞ്ഞു.
സ്വർണക്കടത്തുമായുള്ള കേസുകളിൽ അന്വേഷണ സംഘങ്ങൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതു കൊച്ചിയിലേക്കാണ്. ഓരോ തവണയും പാലക്കാടുനിന്ന് കൊച്ചിയിലെത്താനുള്ള ആരോഗ്യ പ്രശ്ങ്ങളാണ് താമസം മാറാൻ കാരണമെന്നു സ്വപ്ന പറയുന്നു.
ഇതിനിടയിൽ നിലവിൽ സ്വപ്ന ജോലി ചെയ്തിരുന്ന എച്ച്ആർഡിഎ ജോലിയിൽനിന്ന് താത്കാലികമായി മാറി നിൽക്കാൻ കന്പനി അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്.