കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെ ആവശ്യപ്പെട്ട് സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്നു കൊച്ചിയിലെ എൻഐഎ കോടതി പരിഗണിക്കും.
അതേസമയം കേസിന്റെ ഭാഗമായുളള റെയ്ഡിൽ പിടിച്ചെടുത്ത സ്വർണവും ഡോളറും കണ്ടുകെട്ടാൻ അനുമതി തേടി എൻഐഎയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്.
തന്റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ കുടുംബ സ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വർണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം.
ഹർജികൾ എട്ടിന് പരിഗണിക്കും
ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി എട്ടിന് പരിഗണിക്കും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം.
തിരുവനന്തപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി.
അതേസമയം അന്വേഷണ സംഘം പിന്നീട് കൂടുതൽ വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ ഇതിന് പോലീസിന് അധികാരമുണ്ടെന്നും ഈ അധികാരത്തെ തടയാൻ കഴിയില്ലെന്നും ജസ്റ്റീസ് സിയാദ് റഹ്മാൻ വ്യക്തമാക്കുകയായിരുന്നു.
ഇഡിക്കു മുന്നിൽ ഹാജരായി സ്വപ്ന
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നാലാംതവണയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്പാകെ സ്വപ്ന സുരേഷ് ഹാജരായി.
രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യൽ. സ്വപ്ന നൽകിയ രഹസ്യമൊഴിയിലെ മുഖ്യമന്ത്രിയടക്കമുള്ളവരെ കുറിച്ചുള്ള ഗൗരവതരമായ പരാമർശങ്ങളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളാണ് ഇഡി തേടുന്നത്.
കഴിഞ്ഞ 22 മുതലാണു സ്വപ്നയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ഷാർജ ഭരണാധികാരിയുടെ സന്ദർശനം ഉൾപ്പെടെയുള്ള കാര്യങ്ങളും കഴിഞ്ഞ ദിവസം സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളിലും ഇഡി വ്യക്തത തേടിയതായാണ് സൂചന. ചോദ്യംചെയ്യൽ തുടരും. ദേശീയ അന്വേഷണ ഏജൻസികൾ ശേഖരിച്ച വിവരങ്ങളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെ ഫോണിൽനിന്നും ഉൾപ്പെടെ ലഭിച്ച വാട്സ്ആപ്പ് ചാറ്റുകൾ, മിറർ ഇമേജുകൾ, ഇമെയിലിന്റെ പകർപ്പ് എന്നിവ ഇതിൽപ്പെടും.