കൊച്ചി: മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ കന്റോണ്‍മെന്റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വപ്ന സുരേഷ് ഇന്നു ഹൈക്കോടതിയെ സമീപിക്കും.
ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി.സി. ജോർജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് എടുത്തിട്ടുള്ളത്.
ജീവനു ഭീഷണി; മറ്റൊരു ഹർജിയും ഇന്ന് പരിഗണിക്കും
ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നൽകിയ മറ്റൊരു ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
ജലീലിന്റെ പങ്ക് വെളിപ്പെടുത്തുമെന്ന് സ്വപ്ന
സ്വർണക്കടത്ത് കേസിൽ മുൻ മന്ത്രി കെ.ടി. ജലീലിന്റെ പങ്ക് ഉടൻ വെളിപ്പെടുത്തുമെന്നാണ് സ്വപ്ന സുരേഷ് വ്യക്തമാക്കുന്നത്.
കെ.ടി. ജലീലിനെതിരേ 164 സ്റ്റേറ്റ്മെന്റ് പ്രകാരം കോടതിയോട് പറഞ്ഞ എല്ലാ കാര്യങ്ങളും രണ്ടു ദിവസത്തിനകം പൊതുസമൂഹത്തോട് വെളിപ്പെടുത്തുമെന്നു സ്വപ്ന കഴിഞ്ഞ ദിവസം കൊച്ചിയിൽ മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി.
ഗൂഢാലോചന നടത്തിയെന്ന് തനിക്കെതിരേ കെ.ടി. ജലീൽ പരാതി നൽകിയിരിക്കുന്നു. എന്നാൽ യഥാർഥ ഗൂഢാലോചന നടത്തിയത് കെ.ടി. ജലീൽ ആണ്.
ഇതിനു പിന്നിൽ ആരാണെന്ന് വ്യക്തമാണ്. ഇതേ ഗൂഢാലോചനക്കാർ തന്നെയാണ് ഷാജ് കിരണിനെ മുഖ്യമന്ത്രിയുടെ ദൂതനായി തന്റെ അടുത്തേക്ക് പറഞ്ഞുവിട്ട് ഒത്തുതീർപ്പിനു ശ്രമിച്ചതെന്നു സ്വപ്ന വ്യക്തമാക്കി.
രഹസ്യമൊഴി പുറത്തുവരുന്പോൾ മാത്രം ജനങ്ങൾ അറിഞ്ഞാൽ മതിയെന്നാണ് താൻ വിചാരിച്ചിരുന്നത്. പക്ഷേ ജലീൽ മുൻകൈയെടുത്ത് തനിക്കെതിരേ നടപടിയെടുക്കാൻ ശ്രമിക്കുകയാണ്.
വെളിപ്പെടുത്തലുകൾക്കു ശേഷം കെ.ടി. ജലീൽ എന്തൊക്കെ കേസുകൊടുക്കുമെന്ന് കാണാമെന്നും സ്വപ്ന വെല്ലുവിളിക്കുകയുണ്ടായി. താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഒന്നും തെറ്റിയിട്ടില്ല.
ഷാജ് കിരണ്‍ പറഞ്ഞത് കൃത്യമായി നടപ്പാകുകയാണ്. ആദ്യം സരിത്തിനെതിരേയും പിന്നീട് തന്റെ അഭിഭാഷകനെതിരെയും നടപടിയുണ്ടായി.
എഡിജിപി അജിത്കുമാറിനെ ഷാജ് കിരണ്‍ 36 തവണ വിളിച്ചെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. എന്തുകൊണ്ട് എഡിജിപിക്കെതിരേ സർക്കാർ നടപടിയെടുത്തുവെന്ന് ആലോചിക്കണമെന്നും സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞു.
കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന്
തന്റെയും കുട്ടിയുടെയും സുരക്ഷയ്ക്കു വേണ്ടി രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ സ്വന്തം നിലയ്ക്ക് നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് കേരള പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ല.
അവരെ ഉടൻ പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും സ്വപ്ന വ്യക്തമാക്കി.