കൊച്ചി: എൻഐഎ റെയ്ഡിൽ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
റെയ്ഡിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്നയുടെ അവകാശവാദം.
ഈ ഫോണ്‍ ഹാജരാക്കാൻ എൻഐഎയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഉടൻ എൻഐഎ കോടതിയെ സമീപിക്കും.
കാണാതായ ഐ ഫോണിന്റെ കോഡ് അടക്കമുള്ള രേഖകൾ ലഭിച്ചാൽ ഉടൻ കോടതിയിൽ ഹർജി നൽകാനുള്ള ഒരുക്കത്തിലാണ് സ്വപ്ന.
ബംഗളൂരുവിൽ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻഐഎ സ്വപ്നയുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു.
ഇങ്ങനെ പിടിച്ചെടുത്ത ഫോണുകളിൽ ഒരു ഐ ഫോണ്‍ മഹസർ രേഖയിൽ ഉൾപ്പെടുത്താതെ മുക്കിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്.
സ്വർണക്കടത്തിൽ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിർണായക വാട്ട്സ് ആപ് ചാറ്റുകളും ഇ-മെയിൽ രേഖകളും ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന പറയുന്നത്.
ഇക്കാര്യം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.തന്നെ കാണാനെത്തിയ ഘട്ടത്തിൽ എം.ശിവശങ്കർ ഈ ഫോണ്‍ ഉപയോഗിച്ച് പുതിയ ഇ-മെയിൽ ഐഡിയുണ്ടാക്കി കോണ്‍സുൽ ജനറലിനടക്കം ഇ മെയിലുകൾ അയച്ചിട്ടുണ്ടെന്നും പലതിനും ഇതിൽ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.
ഫോണ്‍ ലഭിച്ചാൽ ഈ രേഖകൾ വീണ്ടെടുക്കാനാകും. എന്നാൽ തെളിവ് പുറത്ത് വരാതിരിക്കാൻ ഉദ്യോഗസ്ഥർ ഫോണ്‍ മനഃപ്പൂർവം മാറ്റിയതാണെന്നാണ് സ്വപ്നയുടെ ആരോപണം. സ്വപ്നയുടെ ആരോപണങ്ങളോട് എൻഐഎ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.