കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്നസുരേഷ് നല്കിയ ഐഫോണ്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. യൂണിടാക്ക് കൊച്ചിയില്‍ നിന്ന് വാങ്ങിയ ഫോണ്‍ ആരാണ് ഉപയോഗിച്ചതെന്ന് പുറത്തറിയാന്‍ അഞ്ചു മാസങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്.
എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന പോലീസിന് കണ്ടെത്താനവുന്ന വിവരങ്ങളായിട്ടും ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഡിജിപി നടപടി സ്വീകരിക്കാതിരുന്നത് ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഐഫോണ്‍ വിഷയത്തില്‍ പോലീസിന് ലഭിച്ച നിയമോപദേശവും തുടര്‍ന്നുള്ള ഡിജിപിയുടെ നടപടിയും പൊതുസമൂഹത്തിന് മുന്നില്‍ വീണ്ടും വിവാദമാക്കി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.
യൂണിടാക്ക് കൊച്ചിയില്‍ നിന്ന് വാങ്ങിയ ഐഫോണ്‍ ആരൊക്കെ ഉപയോഗിച്ചതെന്നും ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെല്ലാമാണെന്നും കണ്ടെത്തണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡിജിപിയ്ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പരാതി നല്‍കിയത്.
എന്നാല്‍ കേസ് നിലവിലില്ലാത്തതിനാല്‍ അന്വേഷണം സാധ്യമല്ലെന്നായിരുന്നു ഡിജിപിയ്ക്ക് ലഭിച്ച നിയമോപദേശം. വിവരങ്ങള്‍ പുറത്താവുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് പറഞ്ഞാണ് പോലീസ് പരാതിയില്‍ നിന്ന് കൈയൊഴിഞ്ഞത്. സത്യം പുറത്താവാതിരിക്കാനാണ് പോലീസ് പരാതിയില്‍ ഒളിച്ചുകളി നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു ഫോണ്‍ സമ്മാനിച്ചെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഐഫോണ്‍ ആര്‍ക്കെല്ലാമാണ് ലഭിച്ചതെന്നത് ചര്‍ച്ചയായി മാറിയത്. ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെല്ലാമാണെന്ന് കണ്ടെത്താനായിരുന്നു അദ്ദേഹം പരാതി നല്‍കിയത്. തുടര്‍ന്ന് കോടതിയേയും സമീപിപ്പിച്ചിരുന്നു.
യൂണിടാക്ക് കൊച്ചിയില്‍ നിന്ന് വാങ്ങിയ ഐഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ആരൊക്കെ ഉപയോഗിച്ചതെന്നും ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെല്ലാമാണെന്നും എളുപ്പത്തില്‍ കണ്ടെത്താമെന്നാണ് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കിയത്.
കസ്റ്റംസിനും വീഴ്ചയെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്: ഐഫോണ്‍ ഉടമയെ കണ്ടെത്തുന്നതിന് കസ്റ്റംസിന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. നിമിഷ നേരംകൊണ്ട് കണ്ടു പിടിക്കാവുന്ന വിവരങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുറത്തുവിട്ടതിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നും തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പറഞ്ഞ് സിപിഎമ്മിന് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയതാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സ്വര്‍ണക്കള്ളക്കടത്ത് വീണ്ടും പ്രധാന പ്രചാരണ വിഷയമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.