കൊച്ചി: സ്വര്‍ക്കടത്തു കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം ഉദ്യോഗസ്ഥരുടെ സാന്നിധ്യം വിലക്കിയ ജയില്‍ വകുപ്പ് നടപടികള്‍ക്കെതിരേ കസ്റ്റംസ് രംഗത്ത്. ഇതിനെതിരേ കസ്റ്റംസ് പരാതി നല്‍കിയതായാണു പുറത്തുവരുന്ന വിവരങ്ങള്‍.
നിലവിലെ ജയില്‍ നിയമം അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം അനുവദിക്കാനാവില്ലെന്ന ജയില്‍ ഡിജിപിയുടെ സര്‍ക്കുലറിനെതിരേ കോഫെ പോസെ സമിതിക്കാണു കസ്റ്റംസ് പരാതി നല്‍കിയതെന്നാണു വിവരം.
സാധാരണ ഗതിയില്‍ കോഫെ പോസെ തടവുകാരുടെ സന്ദര്‍ശകര്‍ക്കൊപ്പം അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥനെ അനുവദിക്കാറുണ്ട്.
കോഫെ പോസെ തടവുകാരിയായാണു സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സ്വപ്ന സുരേഷിന്റെ ബന്ധുക്കളടക്കമുള്ള സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസം സ്വപ്നയുടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയില്‍ അധികൃതര്‍ തിരിച്ചയച്ചു. ജയില്‍ ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ജയില്‍വകുപ്പ് നടപടികള്‍ക്കെതിരേ കസ്റ്റംസ് കോടതിയെ സമീപിക്കാനും സാധ്യതയേറി.