ജോണ്സണ് വേങ്ങത്തടം
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യല്‍ ആരംഭിക്കാന്‍ കസ്റ്റംസ്. ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുടെ ലിസ്റ്റ് തയാറാക്കി ഇന്നു മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും.ഇന്നു അഭിഭാഷകയെ ചോദ്യം ചെയ്തു തുടങ്ങും.
പത്തിനു സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്,12ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തുടര്‍ന്നു മൂന്നു മന്ത്രിമാര്‍, മന്ത്രി പുത്രന്മാര്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പച്ചക്കൊടി കൂടി കിട്ടിയതോടെ അന്വേഷണത്തില്‍നിന്നും പിന്നോട്ടില്ലെന്ന സൂചനയാണ് കസ്റ്റംസും നല്‍കുന്നത്. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമരം നയിക്കുന്ന സിപിഎമ്മിനെ ഭയന്നു അന്വേഷണം നിര്‍ത്തിവയ്ക്കില്ലെന്ന സൂചന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലേക്ക് കസ്റ്റംസ് മാറിയിട്ടുണ്ട്. ഉന്നതര്‍ക്കെതിരേ കസ്റ്റംസ് നിയമം 108ാം വകുപ്പു പ്രകാരവും ക്രിമിനല്‍ നടപടിച്ചട്ടം 168 പ്രകാരവും സമാനമായ മൊഴികള്‍ സ്വപ്ന നല്കിയ സാഹചര്യത്തിലാണിത്.
മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്നു മന്ത്രിമാര്‍ എന്നിവര്‍ക്കു ഡോളര്‍ കടത്തില്‍ ബന്ധമുണ്ടെന്നാണു പത്രികയില്‍ പറഞ്ഞത്.ഇവര്‍ക്കു പുറമെ, 2 മന്ത്രിപുത്രന്മാരെയും ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവര്‍ക്കും ഇടയില്‍ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്ട്രേറ്റിനു നല്കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസിന്റെ റിപ്പോര്‍ട്ട്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍ക്കാര്‍ കോണ്‍സുലേറ്റ് ഇടപാടില്‍ കണ്ണിയാണ്.
ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ഒരുമിച്ചാകും ചോദ്യം ചെയ്യല്‍. ഡോളര്‍ കടത്തില്‍, സ്വപ്നയുടെ മൊഴി തന്നെയാണു പ്രധാന തെളിവെന്നു കസ്റ്റംസ് പറയുന്നത്.സ്വര്‍ണക്കടത്ത് കേസില്‍ ഇന്നു തിരുവനന്തപുരത്തെ ഒരു അഭിഭാഷകയെ ചോദ്യം ചെയ്യുന്നതോടെ ചോദ്യം ചെയ്യല്‍ പരമ്പര ആരംഭിക്കാനാണ് കസ്റ്റംസ് തീരുമാനം. ദിവ്യ എന്ന അഭിഭാഷകയെയാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍, സിം കാര്‍ഡ്, പാസ്പോര്‍ട്ട്, ഇതുവരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും ഹാജരാക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ സ്വര്‍ണക്കടത്ത് കേസുമായി ഇവര്‍ക്ക് എങ്ങനെയാണ് ബന്ധമെന്ന് വ്യക്തമല്ല.
ഇതിനിടയില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യവിനോദിനി ലൈഫ് മിഷനില്‍നിന്നും ലഭിച്ച ഐ ഫോണ്‍ വിവാദത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലൈഫ് മിഷന് എംഡി സന്തോഷ് ഈപ്പന് സമ്മാനമായി സ്വപ്നയ്ക്കു കൊടുത്ത ഒരു ഫോണ്‍ വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്നാണ് കേസ്. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് വിനോദിനിയെ ചോദ്യം ചെയ്യുന്നത്.