തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തുവന്നതിനു പിന്നാലെ വിവാദങ്ങളും ഉരുത്തിരിഞ്ഞുവരുന്നു.
ആത്മകഥയില്‍ പലരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രിമാരായ തോമസ് ഐസക്കിന്റെയും കടകംപള്ളി സുരേന്ദ്രന്റെയും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും നേരെ സ്വപ്ന തൊടുത്തുവിട്ട അസ്ത്രങ്ങള്‍ അവരുടെ മര്മത്തു തന്നെ കൊണ്ടു. അവരില്‍ ശ്രീരാമകൃഷ്ണന് മാത്രമാണു കാര്യമായി പ്രതികരിച്ചത്.
അതിനു മറുപടിയായി ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സ്വപ്ന പോസ്റ്റ് ചെയ്തിരുന്നു. അവരെല്ലാം തന്നോടു വഴിവിട്ടു പെരുമാറിയതിന്റെ തെളിവുകള്‍ ഇനിയും തന്റെ കൈയിലുണ്ടെന്ന് സ്വപ്ന അവകാശപ്പെടുകയും ചെയ്യുന്നു.
അവര്‍ തനിക്കെതിരേ കേസ് കൊടുത്താല്‍ താന്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും സ്വപ്ന പറഞ്ഞു.രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ മാത്രമല്ല, സിനിമാക്കാര്‍ക്കെതിരേയും സ്വപ്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട് ആത്മകഥയില്‍.
ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് സ്വപ്ന അക്കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞത്. ചതിയുടെ പത്മവ്യൂഹത്തിലെ ചതിയുടെ കഥകളില്‍ വെളിപ്പെടാത്തവര്‍ ഇനിയുമുണ്ടാകാം. ആത്മകഥയില്‍ രണ്ടിടത്ത് സ്വപ്ന തന്റെ ഒളിച്ചോട്ടത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്.
ഒരു സിനിമാക്കാരനൊപ്പം നടത്തിയ ഒളിച്ചോട്ടത്തിൽ എനിക്കു പലതും ചെയ്യേണ്ടിവന്നു. അദ്ദേഹം ഇപ്പോഴും സിനിമയില്‍ സജീവമാണ്. തന്റെ ഡിവോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഹായിക്കാമെന്ന് പറഞ്ഞു തന്നെ കൊണ്ടുപോയ വ്യക്തിയാണ്.
അയാളുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. അയാളുടെ ഇംഗിതത്തിനു വഴങ്ങേണ്ടിയും വന്നുവെന്നും സ്വപ്ന പറയുന്നു. പക്ഷേ, സിനിമാക്കാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് അതെല്ലാം. ആരുടെയും പേരോ മറ്റു വിവരങ്ങളോ ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടില്ല.
അവരുമായി മുമ്പ് അടുത്ത ബന്ധങ്ങളുണ്ടായിരുന്നു. ആരുടെയും വ്യക്തിജീവിതമോ, കുടുംബജീവിതമോ നശിപ്പിക്കാന്‍ താന്‍ അഗ്രഹിക്കുന്നില്ലെന്നും സ്വപ്ന.