സ്വന്തം ലേഖകന്‍
കോഴിക്കോട് : നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികള്‍ക്കൊപ്പം സുരക്ഷക്കായി പോവുന്ന പോലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു.
കോടതിയിലേക്കും ആശുപത്രിയിലേക്കുമെല്ലാം പ്രതികളെ പതിവായി കൊണ്ടുവരുന്ന പോലീസുകാരുടെ വിവരങ്ങളാണ് എന്‍ഐഎ ശേഖരിച്ചത്.
കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉന്നതരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ഐഎ പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിച്ചത്.
സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെ സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടാവാറുണ്ട്. ഇവരില്‍ മുഴുവന്‍ സമയവും കൂടെ നില്ക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നുണ്ട്.
ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷിക്കും. നേരത്തെ പ്രതികള്‍ക്കൊപ്പം പോയവരുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. പ്രതി റമീസിനെ ഇന്ന് തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കൊണ്ടുപോവുന്നുണ്ട്.
ഇതിന് മുന്നോടിയായി ഇന്നലെ തന്നെ റമീസിനൊപ്പം പോവുന്ന പോലീസുകാരുടെ പൂര്‍ണവിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സഹിതമാണ് എന്‍ഐഎ ശേഖരിച്ചത്.
അതേസമയം സ്വപ്നക്കൊപ്പം മെഡിക്കല്‍കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ചോദ്യം ചെയ്യുന്നതിനെ കുറിച്ചും എന്‍ഐഎ ആലോചിക്കുന്നുണ്ട്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ സ്വപ്ന ഫോണില്‍ പലരേയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ഫോണാണ് സ്വപ്ന ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
പോലീസുകാര്‍ എപ്പോഴും കൂടെയുണ്ടായിട്ടും സ്വപ്ന ഫോണ്‍ ചെയ്തുവെന്ന ആരോപണം എന്‍ഐഎ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന് ശേഷം സ്വപ്നക്കൊപ്പം പോലീസുകാര്‍ സെല്‍ഫി എടുക്കുകയും ചെയ്തു.
ഈ സാഹചര്യം സംബന്ധിച്ചും എന്‍ഐഎ പരിശോധിച്ചു വരികയാണ്. ഏറെ വിവാദമായ കേസിലെ പ്രതികളായ സ്വപ്നയ്ക്കും കെ.ടി.റമീസിനും ഓരേസമയം ഓരേ ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. ഇതേകുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.