ജോണ്സണ് വേങ്ങത്തടം
കൊച്ചി: കേരള മുഖ്യമന്ത്രിമാരിലെ ഏറ്റവും കാര്‍ക്കശ്യക്കാരനായ പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി വളര്‍ന്ന ഉദ്യോഗസ്ഥനാണ് എം. ശിവശങ്കര്‍.
നായനാര്‍ മന്ത്രിസഭയില്‍ പിണറായി വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായി ഒപ്പം പ്രവര്‍ത്തിച്ചപ്പോള്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള അടുപ്പം.
നളിനി നെറ്റോയും എം.വി. ജയരാജനും നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താളം പതിയെ പതിയെ ശിവശങ്കറിന്റെ ഇംഗിതത്തിന് വഴിമാറിയതും ഇദേഹത്തിന്റെ വിശ്വസ്തതയായിരുന്നു.
പിടിച്ചുകുലുക്കി
മാധ്യമങ്ങളില്‍ വന്നിരുന്ന് ശിവശങ്കർ തന്റെ ചെയ്തികളെയെല്ലാം ന്യായീകരിക്കുകയും സര്‍ക്കാര്‍ സംരക്ഷിക്കുകയും ചെയ്തോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ജല്പനങ്ങളായി മാറി.
എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ളോമാറ്റിക് കാര്‍ഗോ വഴി കടത്തിയ 15 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തുവെന്ന വാര്‍ത്ത സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ഒരു പോലെ പിടിച്ചുകുലുക്കുകയായിരുന്നു.
സ്വപ്ന സുരേഷുമായിട്ടുള്ള ബന്ധമാണു സര്‍ക്കാരിനും ശിവശങ്കറിനും ഊരാക്കുടുക്കായി മാറിയത്. പരസ്പരം ജന്മദിന ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്തതായി ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വെളിപ്പെടുത്തി.
ഒഴിയാതെ സ്വപ്ന നിഴൽ
പാഴ്സല്‍ പിടികൂടിയ ശേഷമാണു സ്വപ്നയും സുഹൃത്തുക്കളും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഓഫിസ് ദുരുപയോഗിച്ചുവെന്നും ആരോപണമുയര്‍ന്നത്. പിന്നീട് സ്വപ്നയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേസിലെ പ്രതികള്‍ക്കായി സെക്രട്ടേറിയറ്റിനു സമീപം ഫ്ളാറ്റ് എടുക്കാന്‍ സഹായിച്ചതും സ്വപ്നയ്ക്കായി ലോക്കര്‍ തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും
സ്വപ്നയ്ക്കു സ്പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്താന്‍ ഇടപെട്ടതും ലൈഫ് മിഷന് ഇടപാടില്‍ സ്വപ്നയ്ക്കു കമ്മീഷന് കിട്ടിയതുമൊക്കെ ശിവശങ്കറിനെ സംശയത്തിന്റെ നിഴലിലാക്കി.