ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്തിലും മറ്റു സര്‍ക്കാര്‍ പദ്ധതികളിലും ശിവശങ്കറിന്റെയും മറ്റുള്ളവരുടെയും പങ്കാളിത്തത്തെക്കുറിച്ചുള്ള സ്വപ്നയുടെ തുറന്നു പറച്ചില് വെട്ടിലാക്കുന്നത് സര്‍ക്കാരിനെ.അന്വേഷണത്തോടു സഹകരിക്കാതെ മാറിനിന്ന സ്വപ്ന പെട്ടെന്നാണ് എല്ലാം തുറന്നുപറയുന്നത്.
പ്രതിഭാഗം പറയുന്നതു പോലെ മാനസിക സമര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് എല്ലാം തുറന്നുപറയുന്നതെന്നു വിശ്വസിക്കുമ്പോള്‍ ശിവശങ്കറിലൂടെ സര്‍ക്കാരിനെയും മറ്റു ഉന്നതരെയും വെട്ടിലാക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരിലേക്കുള്ള അന്വേഷണത്തിനു വേഗം വന്നിരിക്കുകയാണ്. കോവിഡില്‍നിന്നു സുഖം പ്രാപിച്ച് സി.എം. രവീന്ദ്രന് എത്തുന്നതോടെ കൂടുതല്‍ പ്രമുഖരും പ്രതിപ്പട്ടികയിലേക്ക് വരും.
ഇതെല്ലാം മുന്നില്‍ കണ്ടാണ് ശിവശങ്കറിനെയും സ്വപ്നയെയും ഇഡി മുന്നില്‍ നിര്‍ത്തുന്നത്. ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളിലേക്കും അന്വേഷണത്തിന്റെ വേഗം വര്‍ധിക്കും.
ശിവശങ്കറിന്റെ നേതൃത്വത്തിലാണ് ഇടപാടുകളും പദ്ധതികളും നടപ്പിലാക്കിയതെങ്കിലും ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാരിനും തലയൂരാന്‍ സാധിക്കില്ല. ഇതില്‍ പങ്കാളികളായവരെല്ലാം പ്രതിപ്പട്ടികയിലേക്ക് വരാനുള്ള സാധ്യതയേറുകയാണ്.
കുരുക്കായി വിജിലൻസ് നീക്കവും
സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും മറ്റു സ്വപ്ന പദ്ധതികളിലും കോഴപ്പണം ലഭിച്ചതിനു പിന്നില്‍ ശിവശങ്കറാണെന്നാണ് സ്വപ്ന തുറന്നു പറയുന്നത്.
ദേശീയ അന്വേഷണ ഏജന്‍സിയോടു മാത്രമല്ല, സര്‍ക്കാര്‍ നിയോഗിച്ച വിജിലന്‍സിനോടും സ്വപ്ന എല്ലാം തുറന്നു പറയുകയാണ്. വിജിലന്‍സിന്റെ നീക്കവും സര്‍ക്കാരിനെതിരാണ്.
ലൈഫ് മിഷന് അഴിമതി കേസില്‍ പോലും ദേശീയ അന്വേഷണ ഏജന്‍സികളുടെ വഴിയേയാണ് വിജിലന്‍സും നീങ്ങുന്നത്. സ്വപ്നയുടെ തുറന്നു പറച്ചില് ശിവശങ്കറിനെതിരേയാണെങ്കിലും പദ്ധതികളെല്ലാം സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍പ്പെട്ടതാണ്.
സ്വപ്നയ്ക്ക് കിട്ടിയ പണം കൈക്കൂലിയാണെന്നാണ് വിജിലന്‍സും പറയുമ്പോള്‍ എല്ലാ ഇടപാടുകളും ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് വിജിലന്‍സിന് നല്കിയ മൊഴിയില്‍ പറയുന്നു.
ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്ന സുരേഷ് ശിവശങ്കറെ അറിയിച്ചിരുന്നു. തുടര്‍ന്ന് ശിവശങ്കറാണ് പണം കൈകാര്യം ചെയ്യാന്‍ തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലിന്റെ സേവനം സ്വപ്ന സുരേഷിന് ലഭ്യമാക്കിയത്.
കേന്ദ്ര ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ സംസ്ഥാന വിജിലന്‍സും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുന്നത്.
വരിഞ്ഞുമുറുക്കാൻ ഏജൻസികൾ
ഇഡിക്കു പിന്നാലെ മറ്റു കേന്ദ്ര ഏജന്‍സികളായ സിബിഐയും ശിവശങ്കറിനെയും ലൈഫ് മിഷനെയും വരഞ്ഞു മുറുക്കാന്‍ തയാറായി നില്‍ക്കുകയാണ്.
ശിവശങ്കറിന്റെ ചൊവ്വാഴ്ചത്തെ ജാമ്യാപേക്ഷയില്‍ തീര്‍പ്പിനു ശേഷമാണ് മറ്റു ഏജന്‍സികളുടെ പ്രവേശനം. ഇഡിക്കു അന്വേഷണപരിധിയില്ലെന്നു കോടതിയും സമ്മതിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഏതു ഫയലും ഇഡിക്കു കൊടുക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.