സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെ കൂടുതൽ കുരുക്കാൻ തയാറായി ക്രൈംബ്രാഞ്ചും രംഗത്ത്. എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരനെതിരേ വ്യാജ ലൈംഗികാരോപണ കേസ് ഉന്നയിച്ചു കുടുക്കാൻ നടത്തിയ ശ്രമത്തിൽ സ്വപ്നയ്ക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ചു കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം.
ആൾമാറാട്ടം നടത്തിയതിന്റെയും വ്യാജരേഖ ചമച്ചതിന്റെയും പൂർണ വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ശേഖരിച്ചു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നിർദേശാനുസരണം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് സ്വപ്നയ്ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നത്.
എയർ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെത്തുടർന്നു സ്വപ്ന ഉൾപ്പെട്ട ഒരു റാക്കറ്റാണ് എയർ ഇന്ത്യയിലെ തന്നെ മറ്റൊരു ജീവനക്കാരനായ എ.എൽ സിബുവിനെതിരേ കരുക്കൾ നീക്കി സ്ഥാനത്തുനിന്നു മാറ്റിയത്.
2014ലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. 17 സ്ത്രീകളാണ് അന്നു സിബുവിനെതിരെ പരാതി നൽകിയത്. കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി നല്കിയ റിപ്പോര്ട്ട് സിബുവിനെതിരായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ പിന്നീട് സിബു തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു.
സിബുവിന്റെ പോരാട്ടം
2019 സെപ്റ്റംബറിൽ സിബുവിന്റെ ഹർജിയെ തുടർന്ന് ഈ കേസ് ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തു. ലോക്കൽ പോലിസിൽ പരാതി നൽകിയെങ്കിലും തെളിവില്ലെന്ന് കാട്ടി പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് സിബു ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ നിർദേശാനുസരണം ക്രൈബ്രാഞ്ച് കേസ് ഏറ്റെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പതിനേഴ് യുവതികളുടെ പേരിൽ സിബുവിനെതിരെ തയാറാക്കിയ പരാതി ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു.
ആ പരാതിയിൽ പേരു പറഞ്ഞിരുന്ന യുവതികളെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ അത്തരത്തിൽ പരാതി നൽകിയിട്ടില്ലെന്നും സിബുഎന്നയാളെ അറിയില്ലെന്നും പരാതിയിൽ ഒപ്പിട്ടില്ലെന്നും 16 പേർ ക്രൈംബ്രാഞ്ച് സംഘത്തോടു പറഞ്ഞു.
ആൾമാറാട്ടം
സിബുവിനെതിരേ എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും അതു നൽകാൻ അവർ കൂട്ടാക്കാതെ കോടതിയിൽ പോയി സ്റ്റേ വാങ്ങി. ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിനെ തുടർന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ക്രൈംബ്രാഞ്ചിനു കൈമാറാൻ പിന്നീട് കോടതി നിർദേശിക്കുകയായിരുന്നു.
ഈ റിപ്പോർട്ട് പഠിച്ച അന്വേഷണ സംഘം സിബുവിനെതിരെ ഒരു യുവതി മൊഴി നൽകിയ വിവരം റിപ്പോർട്ടിലുണ്ടെന്നു മനസിലാക്കിയിരുന്നു. ഈ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ആൾമാറാട്ടത്തിന്റെ കഥയും സ്വപ്നയുടെ പങ്കും ക്രൈംബ്രാഞ്ചിന് മുന്നിൽ വെളിപ്പെടുന്നത്.
യുവതിയെ സ്വപ്ന ആൾമാറാട്ടം നടത്തി എയർ ഇന്ത്യയിലെ ജീവനക്കാരിയാണെന്നു വ്യാജേന മൊഴികൾ പഠിപ്പിച്ച് ആഭ്യന്തര അന്വേഷണ സംഘത്തിനു മുൻപിൽ എത്തിക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
(തുടരും)