കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റു വൈകുന്നതിൽ കോടതിക്കു പോലും അതൃപ്തി ഉണ്ടായ സാഹചര്യത്തിൽ സ്വപ്നയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമോ?.
കോഴക്കേസിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ടായിട്ടും അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടെന്നു ഇന്നലെ കേസ് പരിഗണിക്കവേ ഹൈക്കോടതി ആരാഞ്ഞു. പ്രതിപ്പട്ടികയിലുള്ളയാളെ അറസ്റ്റു ചെയ്യാത്തത് ഗൗരവമുള്ള വിഷയമാണെന്നു കോടതി വ്യക്തമാക്കി.
അഴിമതിയിൽ സ്വപ്നയ്ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.ലൈഫ് മിഷൻ കേസിൽ അറസ്റ്റ് ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിന് ശേഷം കേസിൽ മറ്റു പ്രതികളെ ഇഡി അറസ്റ്റ് ചെയ്തിരുന്നില്ല.
കേസിലെ പ്രധാന പ്രതികളെ ഉൾപ്പെടെ നിരവധി പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ലൈഫ്മിഷൻ കേസിൽ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്ന സുരേഷെന്നും ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുകയുണ്ടായി.
ഈ സാഹചര്യത്തിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.