ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെയും മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട മകൾ വീണയെയും പരിഹസിച്ച് സ്വപ്ന സുരേഷിന്റെ പോസ്റ്റ്.
മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേയുള്ള റവന്യു വകുപ്പിന്റെ അന്വേഷണം ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
‘രാജാവിന്റെ മകളു’ടെ ബിസിനസ് പങ്കാളിയാകുകയോ അവരുടെ കമ്പനിക്കു കൺസൾട്ടൻസി ഫീസായി വൻ തുക നൽകുകയോ ചെയ്താൽ ആരോപണങ്ങളിൽനിന്ന് ഒഴിവാകാമെന്നു പോസ്റ്റിൽ പറയുന്നു.
മാത്യു കുഴൽനാടൻ നടത്തിയതായി പറയുന്ന നിയമ ലംഘനം കെട്ടിട ലൈസൻസുമായി ബന്ധപ്പെട്ട ലളിതമായ പ്രശ്നമാണ്.
ഇതിനു പരമാവധി ശിക്ഷ, പിഴ മാത്രമാണ്. അഴിമതിക്കെതിരായ എംഎൽഎയുടെ പോരാട്ടം കേരളത്തിനു വേണ്ടിയുള്ള ദൗത്യമായി ഏറ്റെടുക്കണമെന്നും സ്വപ്ന പറയുന്നു.
രാജാവിന്റെ മകളുടെ കമ്പനി വ്യാപാരപരിധിയായ രണ്ടു കോടിയുടെ പരിധി ലംഘിച്ചതിനു പുറമേ വിദേശവിനിമയ ചട്ട (ഫെമ) ലംഘനവും (സ്പ്രിൻക്ലർ വിവാദം) നടത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പിനു പുറമേ പിഎഫ്, ഇഎസ്ഐ ക്രമക്കേടും നടത്തി.
കമ്പനിയുടെ രേഖകൾ അധികൃതരിൽനിന്നു ലഭിക്കും. 35 തവണ ഡൽഹിയിൽ ഒരു കേസ് (ലാവ് ലിൻ) മാറ്റിവച്ചതെങ്ങനെയെന്ന് അറിയാവുന്നതല്ലേ? പോസ്റ്റിൽ സ്വപ്ന പറയുന്നു.