കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ കഴിയവെ സര്‍ക്കാരിനോ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താന്‍ റെക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിനു തുടര്‍ഭരണം കിട്ടാനായിരുന്നെന്ന് സ്വപ്ന സുരേഷ്.
ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നെറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും ‘ചതിയുടെ പത്മവ്യൂഹം’എന്ന ആത്മകഥയിൽ സ്വപ്ന പറയുന്നു.
തൃശൂര്‍ കറന്റ് ബുക്സ് പുറത്തിറക്കുന്ന ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്, ജയില്‍ ഡിഐജി അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങളുള്ളത്.
മജിസ്ട്രേട്ടിനു നല്കിയ മൊഴിയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഭരണം മാറിയാല്‍ കേസ് അന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നും തനിക്ക് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓഡിയോ റിക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.
തുടര്‍ഭരണം വരേണ്ടതു തന്റെകൂടി ആവശ്യമാണെന്നാണ് അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. ‘അന്വേഷണം നീ വരെയേ എത്തൂ; അതുകൊണ്ട് ഇപ്പോള്‍ സന്ദീപ് പറയുന്നതുപോലെ ചെയ്യുക’.
ഇതായിരുന്നു തനിക്കു ലഭിച്ച നിര്‍ദേശം. തങ്ങള്‍ക്കു രക്ഷപ്പെടാന്‍ ശിവശങ്കറിനെ പുറത്തുനിര്‍ത്തേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലാണ് സന്ദീപിന്റെ ഫോണില്‍ ശബ്ദം റിക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന പറയുന്നു.
സ്പ്രിംഗ്ളര്‍ ഡേറ്റ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോടികള്‍ സമ്പാദിച്ചെന്നും ആ വിഷയത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മുന്‍ മന്ത്രി കെ.ടി. ജലീല്‍ തുടങ്ങിയവരൊക്കെ പല തരത്തിലും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ചരക്കു കൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.