“”ഒരു ടിവി പ്രോഗ്രാം കണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെ ഞാൻ പരിചയപ്പെടുന്നത്. പിന്നീടു ശ്രീറാമിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പിന്നീടു കാണാമെന്നു ശ്രീറാം തന്നെയാണു പറഞ്ഞത്. ശ്രീറാമിനെ ഓഫീസിലെത്തി കണ്ടിട്ടുണ്ട്. അതിനു ശേഷം ഞാൻ വിദേശത്തേക്കു പോയി.
അപകടം നടന്ന ദിവസമാണ് പിന്നീട് ശ്രീറാമിനെ കാണുന്നത്. അന്നു വാട്സ് ആപ് സന്ദേശം വഴി തന്നെ കവടിയാറിൽ വന്നു കൂട്ടിക്കൊണ്ട് പോകണമെന്ന് ശ്രീറാം ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ ഒരുമണിക്കു കവടിയാർ എത്തി ശ്രീറാമിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ശ്രീറാം പിന്നീട് ഡ്രൈവിംഗ് സീറ്റിലേക്കു മാറി. പുലർച്ചെയായതിനാൽ സാധാരണയിൽ കവിഞ്ഞ വേഗത്തിലാണ് ശ്രീറാം കാറോടിച്ചത്.”- കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കെ.എം ബഷീർ എന്ന മാധ്യമപ്രവർത്തകൻ കാറിടിച്ചു മരിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട വഫ ഫിറോസ് എന്ന യുവതി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ വാചകങ്ങളാണിത്. ഒന്നാം പ്രതിയാകട്ടെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും.
അന്നും ഇന്നും
ഐഎഎസ് ഉദ്യോഗസ്ഥൻ അമിത വേഗത്തിൽ ഒാടിച്ച കാറിടിച്ചു മാധ്യമപ്രവർത്തകൻ മരിച്ച വാർത്ത ഞെട്ടലോടെ കേട്ട കേരളജനതയുടെ കണ്ണും കാതും ആകാംക്ഷയോടെ ആ കാറിലുണ്ടായിരുന്ന ഈ യുവതിക്കു പിന്നാലെയും കൂടി.
ഏതാണ്ട് ഒരു വർഷത്തിനിപ്പുറം കേരളം വീണ്ടും അതേ ആകാംക്ഷയോടെ മറ്റൊരു യുവതിയുടെ മൊഴി കേൾക്കുന്നു. യാദൃച്ഛികമെന്നോണം അവർ പറയുന്നതും ഒരു ഐഎഎസുകാരനുമായുള്ള ബന്ധത്തെപ്പറ്റി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്ന് രാജ്യത്തെ മുഴുവൻ ഞെട്ടിച്ച സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് പറയുന്നു.
ഒരു വർഷത്തെ ഇടവേളയിൽ സംഭവിച്ച രണ്ടും കേസിലും പൊതുവായ ചില ഘടകങ്ങളുണ്ട്. രണ്ടിലും കുരുങ്ങിയത് ഐഎഎസ് ഉദ്യോഗസ്ഥർ. രണ്ടു പേരും സമൂഹത്തിലും ഭരണതലത്തിലും നല്ല തിളക്കത്തോടെ വിലസിയിരുന്നവർ.
രണ്ടു സംഭവങ്ങളിലും കേസിലെ വാർത്താ പ്രാധാന്യമുള്ളതാക്കി മാറ്റിയത് യുവതികളുടെ സാന്നിധ്യം. രണ്ടു യുവതികളും യുഎഇ ബന്ധമുള്ളവർ. കാറിടിച്ചു മാധ്യമപ്രവർത്തകൻ മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയാണ്.
സ്വർണക്കടത്ത് കേസിലാകട്ടെ എം.ശിവശങ്കരൻ ഇപ്പോഴും അന്വേഷണ എജൻസികളുടെ നിരന്തരമായ ചോദ്യം ചെയ്യലിനു വിധേയനായിക്കൊണ്ടിരിക്കുന്നു.
ദുരൂഹതകളുയർത്തിയ സാന്നിധ്യം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ കേസിലും ശ്രീറാം വെങ്കിട്ടരാമന്റെ കേസിലും കേസിനെ മാധ്യമശ്രദ്ധയിലേക്കു കൊണ്ടുവന്നത് ഐഎഎസുകാർ ഉൾപ്പെട്ട സംഭവങ്ങളിലെ ദുരൂഹമായ സ്ത്രീ സാന്നിധ്യമായിരുന്നു.
30 കിലോഗ്രാം സ്വർണം പിടിക്കപ്പെട്ടതോടെയാണ് സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവർ എൻഐഎയുടെ പിടിയിലാകുന്നത്. സംസ്ഥാന ഐടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിംഗ് ലെയ്സൺ ഓഫിസറായിരുന്ന സ്വപ്ന സുരേഷിന് അന്ന് ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കറുമായുണ്ടായിരുന്ന ബന്ധം അദ്ദേഹത്തെ ആരോപണ ശരങ്ങളുടെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചു.
കെ.എം. ബഷീർ വാഹനാപകടത്തിൽ മരിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ ആര് എന്ന ചോദ്യവും ഉയർന്നിരുന്നു. പിന്നാലെ നിരവധി ഊഹാപോഹങ്ങളും കഥകളും പ്രചരിച്ചു. വഫ ഫിറോസ് എന്ന പേര് വ്യക്തമായെങ്കിലും തുടക്കത്തിൽ അവരുടെ പശ്ചാത്തലം വ്യക്തമായിരുന്നില്ല.
തിരുവനന്തപുരം സ്വദേശിയാണെങ്കിലും അബുദാബിയിൽ മോഡലിംഗ് രംഗത്തു പ്രവർത്തിക്കുന്നവരാണെന്നു വാർത്തകൾ പരന്നു. എന്നാൽ, പിന്നീട് താൻ മോഡലല്ലെന്ന് അവർ തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ശ്രീറാം വെങ്കിട്ടരാമനും വഫയും തമ്മിലുള്ള ബന്ധമെന്തെന്നും ചോദ്യങ്ങളുയർന്നു. സൗഹൃദം മാത്രം എന്നു മാത്രമായിരുന്നു അവരുടെ മറുപടി.
ടിക്ടോക് വീഡിയോയിലും ചാനൽ അഭിമുഖത്തിലും അവർ അത് ആവർത്തിച്ചു. താൻ മോഡലല്ലെന്നും ദമാമിൽ മാതാപിതാക്കൾക്ക് ഒരു ഷോപ്പ് ഉള്ളതല്ലാതെ തനിക്കു മറ്റു ബിസിനസുകളില്ലെന്നും വഫ പറഞ്ഞു. എന്നാൽ, ഒരിക്കൽ ബഹ്റൈനിൽ വച്ചു മോഡലിംഗ് നടത്തിയിരുന്നു എന്നവർ സമ്മതിച്ചു.
ഭർത്താവുമായി അകന്നുകഴിയുകയാണെന്ന വാർത്തകളും അവർ നിഷേധിച്ചു. പക്ഷേ, ഒരു മാസം കഴിഞ്ഞപ്പോൾ കേസ് വഫയുടെ കുടുംബജീവിതത്തെയും ബാധിച്ചു. ഭർത്താവ് ഫിറോസ് വിവാഹമോചനത്തിനു നോട്ടീസ് അയച്ചു.
ഇതോടെ വഫ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചിട്ടും ചെറുപ്പം മുതൽ അറിയുന്ന ആളായിട്ടും ഭർത്താവിനു തന്നെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നവർ പരിതപിച്ചു.
“”വിവാഹമോചന നോട്ടീസിൽ ഭർത്താവ് പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. ഞാൻ മദ്യപിക്കില്ല, ഡാൻസ് പാർട്ടികളിൽ പോകാറില്ല, ശ്രീറാം സുഹൃത്ത് മാത്രമാണ്. ശ്രീറാം വിളിച്ചപ്പോൾ കാറെടുത്ത് ഇറങ്ങിപ്പോയി എന്നതു ശരിയാണ്.
അതിനു മോശം അർഥമുണ്ടോ. എന്റെ മകളോടു പറഞ്ഞിട്ടാണ് പോയത്”- വഫ വീഡിയോയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഇവ പ്രചരിച്ചു. അപകടം നടന്നു ദിവസങ്ങൾക്കുള്ളിൽത്തന്നെ ശ്രീറാം വെങ്കിട്ടരാമനു ജാമ്യം ലഭിച്ചിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നുവെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
ഒരു വർഷം തികയും മുന്പേ ശ്രീറാം തിരിച്ചു സർവീസിൽ പ്രവേശിക്കുകയും ചെയ്തു. ശ്രീറാമും വഫയും ഇപ്പോൾ ജാമ്യത്തിലാണ്.