കൊച്ചി: കോണ്സുൽ ജനറൽ അറിയാതെ ശിവശങ്കർ തന്നെ രഹസ്യചർച്ചയ്ക്കായി ക്ലിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നു സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്.
2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരിയുമായി ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നും അതിൽ വീണവിജയൻ, കമല എന്നിവരെ കൂടാതെ നളിനി നെറ്റോ, ശിവശങ്കർ എന്നിവരും പങ്കെടുത്തുവെന്നും സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സ്വപ്നയുടെ പുതിയ ആരോപണം. അതേസമയം മുഖ്യമന്ത്രിക്കെതിരേ സ്വപ്ന ഇന്നലെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചു.
മകൾക്കായി പ്രോട്ടോകോൾ ലംഘനമെന്ന്
മകൾ വീണാ വിജയന്റെ ബിസിനസ് കാര്യങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം.
കേന്ദ്രാനുമതി തേടാതെ ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്തു കൊണ്ടുവന്നതു കൂടാതെ മുൻകൂട്ടി അനുമതി വാങ്ങാതെ പ്രോഗ്രാമിൽ മാറ്റവും വരുത്തി.
വീണാ വിജയനു വേണ്ടി ഷാർജയിലെ ഐടി ഹബിന്റെ ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് ക്ലിഫ്ഹൗസിൽ യോഗം ചേരാനായിരുന്നു ഇത്.
ഷാർജ ഷേഖിന്റെ സന്ദർശനം കോഴിക്കോട് മാത്രമാണ് നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരം പ്രോഗ്രാമിനെ കുറിച്ച് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടില്ല.
കോണ്സുലറ്റിന് ഇപ്രകാരമുള്ള ഷെഡ്യൂൾ വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുമുണ്ടായിരുന്നില്ല. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസിൽ നിന്നുമാണ് ഇത്തരമൊരു പ്രോഗ്രാം ഷെഡ്യൂൾ ലഭിച്ചത്.
വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ക്ലിഫ്ഹൗസ് യാത്ര നടത്താനാകില്ലെന്ന പ്രശ്നം ഉയർന്നപ്പോൾ മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും നിർദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥൻ മനോജ് ഏബ്രഹാമിനോടു പറഞ്ഞ് ലീലാപാലസിൽ നിന്നും രാജ്ഭവനിലേക്കു യാത്ര റീറൂട്ട് ചെയ്യുകയായിരുന്നു.
അധികാര ദുർവിനിയോഗമാണ് മുഖ്യമന്ത്രി ഇതുവഴി നടത്തിയതെന്നു സ്വപ്ന ഇന്നലെ കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
കേരളത്തെ ഒരു രാജ്യമായി കണ്ട് വ്യക്തിഗത തീരുമാനങ്ങളെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതും. അദ്ദേഹത്തിനു ചെയ്യാമെങ്കിൽ കെ.ടി. ജലീൽ അടക്കമുള്ളവർക്കും ചെയ്തുകൂടേയെന്നും സ്വപ്ന ചോദിച്ചു.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ഹർജി മാറ്റി
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നു പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ സിംഗിൾബെഞ്ച് റദ്ദാക്കിയതിനെതിരേ സർക്കാർ നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.
എതിർ കക്ഷികളായ ഇഡിക്ക് നോട്ടീസ് നൽകാനും ഡിവിഷൻബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീലുകൾ സെപ്റ്റംബർ മൂന്നിന് പരിഗണിക്കാനായി മാറ്റി.
മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി നിർബന്ധിക്കുന്നു എന്നാരോപിക്കുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതും ഇതേ കാര്യം പറഞ്ഞ് സന്ദീപ് നായർ ജയിലിൽനിന്ന് കോടതിക്ക് കത്തെഴുതിയതും കണക്കിലെടുത്താണ് ഇഡി ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തത്.
എന്നാൽ കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ ഇത്തരത്തിൽ കേസെടുക്കാൻ കഴിയില്ലെന്നാരോപിച്ച് ഇഡിയുടെ കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജികളിൽ ഈ കേസുകൾ ഹൈക്കോടതി സിംഗിൾബെഞ്ച് റദ്ദാക്കുകയായിരുന്നു.
2021 ഏപ്രിൽ 16 ലെ സിംഗിൾബെഞ്ചിന്റെ ഈ വിധി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീലുകൾ നൽകിയത്.