
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ ഡിജിപിയുടെ നിർദേശം.
ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർദേശം നൽകിയത്. സ്വപ്ന കഴിയുന്ന അട്ടക്കുളങ്ങര വനിതാ ജയിലിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന ആരോപണമാണ് ശബ്ദരേഖയിലുള്ളത്. എന്നാൽ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും എന്നാണ് സംസാരിച്ചതെന്നും ആരോട് സംസാരിച്ചതാണന്നും വ്യക്തമായിട്ടില്ല.
ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് ശബ്ദ രേഖ പുറത്തു വന്നത്. എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
അതേ സമയം ഏത് അന്വേഷണ ഏജൻസിയെയാണ് ശബ്ദരേഖയിൽ കുറ്റപ്പെടുത്തുന്നതെന്ന് വ്യക്തതയില്ല. അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും ജയിലിൽ വന്ന് നിർബന്ധിച്ചേക്കാമെന്നും താൻ അങ്ങനെ ചെയ്യില്ലെന്നും ശബ്ദരേഖ പറയുന്നു.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേർ സന്ദർശിക്കുന്നെന്ന് ബിജെപി അധ്യക്ഷൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ആരോപണം പിൻവലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗും വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്വപ്നയുടേതെന്ന പേരിൽ ശബ്ദരേഖ പുറത്തു വരുന്നത്.
ജയിലിൽ കഴിയുന്ന സ്വപ്നയുടെ സന്ദേശം പുറത്തുവന്നത് നിയമം ലംഘിച്ചു അവരെ പലരും സന്ദർശിച്ചതിന്റെ തെളിവാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.