തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്നു കരുതുന്ന ശബ്ദ സന്ദേശം പുറത്തു വന്നതു സംബന്ധിച്ച അന്വേഷണത്തിൽ
ജയിൽ- പോലീസ് ഉന്നതർ ഒത്തു കളിക്കുന്നുവെന്ന ആരോപണം മുറുകുന്നതിനിടെ ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന നിലപാടുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്.
സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് ഇനിയും പോലീസ് അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നുവെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിൽ ഡിജിപിക്ക് കത്തു നൽകിയിരുന്നു.
ജയിൽവകുപ്പിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഇഡി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല
ശബ്ദസന്ദേശം റിക്കാഡ് ചെയ്തതെന്നു ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷിക്കണമെന്ന ജയിൽ മേധാവിയുടെ കത്തിനു പ്രസക്തിയില്ലെന്നാണ് അന്വേഷണം ഒഴിവാക്കാനായി പോലീസ് പറയുന്ന വാദം.
ശബ്ദരേഖയ്ക്ക് സാമ്യതയുണ്ടെങ്കിലും തന്റേത് ആണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്നയുടെ മൊഴി. അന്വേഷണം ആവശ്യപ്പെട്ട് ഇഡി കത്തു നൽകിയ സ്ഥിതിക്ക് ജയിൽ വകുപ്പിനു കൃത്യമായ മറുപടി നൽകേണ്ടി വരും.
അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ചുവെന്നു ശബ്ദരേഖയിൽ ഉള്ളതിനാൽ ശബ്ദരേഖ സംബന്ധിച്ചു വ്യക്തത വരുത്തേണ്ടത് ഇഡിയുടെ കൂടെ ആവശ്യമായി മാറിയിരിക്കുകയാണ്.
അതേസമയം ,ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പേര് ശബ്ദരേഖയിൽ പറയുന്നില്ല. ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്താൻ ഇഡി നിയമോപദേശം തേടിയിട്ടുണ്ട്.
സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ കോടതിയുടെ അനുമതി തേടാനും ഇഡി ശ്രമിക്കും. ശബ്ദം സ്വപ്നയുടേതു തന്നെ എന്ന പ്രാഥമിക നിഗമനത്തിലാണ് ഇഡി മുന്നോട്ട് പോകുന്നത്.
കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി കേന്ദ്ര ധനകാര്യ വകുപ്പിനും ഇഡി റിപ്പോർട്ട് നൽകിയേക്കുമെന്നറിയുന്നു.