കൊച്ചി: വീണ്ടും കെണിയൊരുക്കി സ്വപ്നയുടെ വിരുന്ന്. മന്ത്രിപുത്രനാണ് ഇത്തവണ വിരുന്നിൽ കുടുങ്ങിയിരിക്കുന്നത്.നേരത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനും സ്വപ്നയൊരുക്കിയ വിരുന്നിൽ പങ്കെടുത്തതു വഴി വിവാദത്തിലായിരുന്നു.
പിന്നീട് സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യപ്പെട്ട ചാനൽ പ്രവർത്തകൻ അനിൽ നന്പ്യാരും സ്വപ്നയ്ക്കൊപ്പം വിരുന്നുകളിൽ പങ്കെടുത്തതായി ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിപുത്രനും വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. വിരുന്നിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
സ്വര്‍ണക്കടത്തു കേസില്‍ ബിനീഷ് കോടിയേരിയെയും മന്ത്രി ജലീലിനെയും ചോദ്യം ചെയ്തതിനു പിന്നാലെയാണ് കേരള സര്‍ക്കാരിനെ പിടിച്ചുകുലുക്കി മറ്റൊരു മന്ത്രി പുത്രനു പിന്നാലെ അന്വേഷണ ഏജൻസി നീങ്ങിയിരിക്കുന്നത്.
സര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു തലസ്ഥാനത്ത് മന്ത്രിയുടെ മകന് വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങളാണ് കേന്ദ്ര ഏജന്‍സികള്‍ തേടുന്നത്. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് വിശദാംശം കേന്ദ്ര ഏജന്‍സികള്‍ തേടിയത്.
2018ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു വിവാദവിരുന്ന്. മന്ത്രിയുടെ മകന്റെ യുഎഇയിലെ വീസാക്കുരുക്ക് പരിഹരിച്ചത് അന്നു കോണ്‍സുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു.
ഇതിനു നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. വിരുന്നില്‍ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്.
ഈ വിരുന്നിനു പിന്നാലെയാണ് 2019ല്‍ ലൈഫ് മിഷന് കരാറില്‍ മന്ത്രിയുടെ മകന് ഇടനിലക്കാരനായതെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയുടെ മകനെയും ചോദ്യംചെയ്യും. വിരുന്നിലെ ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്കു ലഭിച്ചതിന് പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്കായും അന്വേഷണം തുടങ്ങി.
ലൈഫ് മിഷനിലും
ലൈഫ് മിഷന് പദ്ധതിയില്‍ മന്ത്രിപുത്രനും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധവും അന്വേഷണ സംഘം സംശയത്തോടെയാണു വീക്ഷിക്കുന്നത്.
സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നു കിട്ടിയ പണത്തില്‍ ഒരു കോടി രൂപ ലൈഫ് മിഷന് പദ്ധതിയിലെ കമ്മീഷനെന്നായിരുന്നു എന്നാണ് കണ്ടെത്തല്‍.
യുഎഇയിലെ സന്നദ്ധ സംഘടനായ റെഡ് ക്രസ്ന്റ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 കോടി രൂപയാണ് കേരളത്തിനായി മുടക്കിയത്.
ലൈഫ് മിഷന് പദ്ധതി വഴി വടക്കാഞ്ചേരിയില്‍ ഫഌറ്റുകള്‍ നിര്‍മിക്കുന്നതിനാണ് യൂണിടെകിനു കരാര്‍ കിട്ടിയത്. നിര്‍മാണ കരാര്‍ കിട്ടാന്‍ നാലുകോടിയോളം രൂപ കമ്മീഷന് നല്‍കിയതായി കണ്ടെത്തിയിരുന്നു.
ഈ ഇടപാടിനു ചുക്കാന്‍ പിടിച്ചതു മന്ത്രി പുത്രനാണെന്ന സൂചനകളെത്തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്. മന്ത്രി പുത്രന്റെ ദുബായ് യാത്രകളും അന്വേഷിക്കുന്നുണ്ട്.