കൊച്ചി: വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി 15 കോടിയുടെ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിനു ഉത്തരം തേടേണ്ടതു നിരവധി ചോദ്യങ്ങള്‍ക്ക്.
സ്വര്‍ണക്കടത്തിലെ വെറും കണ്ണികള്‍ മാത്രമായ സ്വപ്ന സുരേഷിനും സരിത്തിനും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ സാധിച്ചതു വലിയ റാക്കറ്റിന്റെ പിന്‍ബലത്തില്‍.
ഇവര്‍ക്കുപിന്നില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും വലിയ പിന്‍ബലമുണ്ട്. സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയും കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴിയും വന്‍ റാക്കറ്റിലേക്കാണ് വഴിതെളിയിക്കുന്നത്.
2019 മുതല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം ഇതുവരെ കടത്തിയിട്ടുണ്ടെന്നു സരിത്ത് മൊഴി നല്കി കഴിഞ്ഞു.
ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ല. സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്വം. 10 മുതല്‍ 15 ലക്ഷം വരെ കമ്മീഷന് ലഭിക്കുമെന്നാണ് സരിത്തിന്റെ മൊഴി.
ഈ സ്വര്‍ണം ആരാണ് കൊടുത്തു വിടുന്നത്. ആരിലേക്കാണ് ഈ സ്വര്‍ണം എത്തുന്നത്. ഇതു തെളിയിക്കേണ്ടതും കസ്റ്റംസാണ്. സ്വപ്ന സുരേഷിനെ പിടികൂടിയാല്‍ മാത്രമേ ഇതിലേക്കു തെളിവുകള്‍ ലഭ്യമാകുകയുള്ളൂ.
സ്വപ്ന സുരേഷും സന്ദീപും വെറും സ്വര്‍ണക്കടത്തിലെ കണ്ണികള്‍ മാത്രമാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കെത്തിയതു മുതല്‍ സംഘം സ്വര്‍ണക്കടത്ത് തുടങ്ങി.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലേക്കു സ്വര്‍ണക്കടത്ത് മാറിയെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
കോണ്‍സുലേറ്റ് ആവശ്യപ്പെടുന്നതു പ്രകാരമുള്ള കാര്യങ്ങള്‍ ഇപ്പോഴും ചെയ്യാറുണ്ടെന്നാണ് സ്വപ്നയുടെ ജാമ്യാപേക്ഷയിലുള്ളത്. യുഎഇ കോണ്‍സല്‍ ജനറലിനെതിരേ ആരോപണം ഉന്നയിച്ചാണ് സ്വപ്ന ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
ഈ സ്വര്‍ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിനു പങ്കുണ്ടോ? ഇവരെ പോലും നിയന്ത്രിക്കുന്ന വന്‍ അന്താരാഷ്ട്ര ലോബി ഇവര്‍ക്കു പിന്നിലുണ്ടോ?
രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനു പങ്കുണ്ടെന്ന സംശയം കസ്റ്റംസിനു ബലപ്പെടുന്നു. ഡിപ്ലോമാറ്റിക് ചാനല്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിനെ കുറിച്ചു ഈ ഉദ്യോഗസ്ഥനു അറിവുണ്ടായിരുന്നുവെന്നു കസ്റ്റംസ് സംശയിക്കുന്നു.
ഈ ഉദ്യോഗസ്ഥനില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. ഇതിനു വിദേശമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള നീക്കം പുരോഗമിക്കുകയാണ്.
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷിന്റെ അടുത്ത സുഹൃത്തായ സന്ദീപ് നായരും മുഖ്യകണ്ണിയാണ്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം വെളിച്ചത്തു വരുന്ന തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.
സ്വപ്നയും സന്ദീപും ചേര്‍ന്നുള്ള സംഘത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ട്. 2014ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിനു സന്ദീപ് അറസ്റ്റിലായിരുന്നു.
സ്വപ്നയും സരിത്തും സന്ദീപും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ട്. കസ്റ്റംസ് അന്ന് സന്ദീപ് നായരുടെ വീട് റെയ്ഡ് ചെയ്തു രേഖകള്‍ പിടിയിരുന്നതാണ്. കേസിലെ ആസൂത്രകയായ സ്വപ്ന സുരേഷിന്റെ ബിനാമിയാണ് സന്ദീപ് നായര്‍.
2019 ഡിസംബറില്‍ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തിരുന്നു. അന്നു സ്പീക്കറിനെ ക്ഷണിച്ചതു സ്വപ്നയാണ്. സന്ദീപിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സ്ഥിരമായി ദുബായില്‍ പോയി വന്നിരുന്ന സന്ദീപ് ആഡംബരകാറുകള്‍ വാങ്ങി കൂട്ടുന്നതും പതിവായിരുന്നു. ഇതു സൂക്ഷിക്കാനാണ് വര്‍ക്ക്ഷോപ്പ് തുടങ്ങിയത്.
ഇതെല്ലാം വെറും പേരിനുവേണ്ടി മാത്രമായിരുന്നു. സന്ദീപിന്റെ അടുത്ത സുഹൃത്താണ് കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്ത്. ഇതിനിടയില്‍ സ്വപ്ന സുരേഷിനെ പോലെ ഒളിവില്‍ കഴിയുന്ന സന്ദീപ് മുന്‍കൂര്‍ജാമ്യത്തിനു ശ്രമിക്കുന്നുവെന്ന സൂചന പുറത്തുവന്നിരിക്കുന്നു.