കൊച്ചി: സ്വർണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്നയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നെന്നും സ്വപ്നയും കുടുംബവും സംഘടിപ്പിച്ച ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍.
ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്ന യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായിരിക്കേയാണു പരിചയം തുടങ്ങുന്നത്.
കോണ്‍സുലേറ്റുമായി ചേര്‍ന്നു നടത്തേണ്ട നിരവധി ഔദ്യോഗിക കാര്യങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി കാണേണ്ടി വന്നതോടെ സ്വപ്നയുമായും അവരുടെ കുടുംബവുമായും സൗഹൃദത്തിലായി.
അവരുടെ കുടുംബവുമായി ബന്ധപ്പെട്ടു ജന്മദിനാശംസകള് അയയ്ക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. താന്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ അവരും പങ്കെടുത്തിരുന്നു.
മലയാളികള്‍ യുഎഇയില്‍ ഏറെയുള്ളതിനാല്‍ യുഎഇ കോണ്‍സുലേറ്റുമായി നല്ല ബന്ധം പുലര്‍ത്തേണ്ടത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പൊതുതാല്പര്യത്തിന് അനിവാര്യമായിരുന്നു.
നയതന്ത്ര ബാഗില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയപ്പോഴാണ് സ്വപ്നയ്ക്കും കൂട്ടുകാര്‍ക്കും സ്വര്‍ണക്കടത്തുണ്ടെന്ന വിവരം അറിഞ്ഞത്. ഈ സംഭവത്തിനുശേഷം സ്വപ്നയുമായി ബന്ധപ്പെട്ടിട്ടില്ല.
ഗുരുതരമായ കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണവുമായി സഹകരിച്ചിട്ടുമുണ്ട്. കസ്റ്റംസും എന്‍ഐഎയും 60 മണിക്കൂറിലേറെയും ഇഡി ഉദ്യോഗസ്ഥര്‍ 30 മണിക്കൂറോളവും ചോദ്യം ചെയ്തിരുന്നു.
ഓരോ ദിവസവും അതിരാവിലെ മുതല്‍ രാത്രി വൈകി വരെ ഹാജരായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.സ്വപ്നയും ശിവശങ്കറും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നു വിവിധ അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ശിവശങ്കര്‍ സ്വപ്നയുമായുള്ള അടുപ്പത്തെക്കുറിച്ചു തുറന്നു പറയുന്നത്.