കൊച്ചി: സ്വർണക്കടത്തു കേസിൽ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ വിദേശത്തുനിന്നുള്ള ഫണ്ടിംഗിനെക്കുറിച്ചും മതതീവ്രവാദത്തക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
വിദേശത്തുനിന്ന് വിവിധ സംഘടനകളുടെ പേരിലും കള്ളക്കടത്തിലൂടെയും ഹവാലയായും പണവും സ്വർണവും കേരളത്തിലേക്ക് ഒഴുക്കിയെന്ന തെളിവുകളാണ് എൻഐഎയ്ക്കു മുന്നിലുള്ളത്.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തിൽ സ്വപ്ന സുരേഷും സംഘവും മാത്രമല്ല, യുഎഇ കോണ്സലിലെ ഉദ്യോഗസ്ഥരും വിദേശമലയാളികളും ഉൾപ്പെട്ടിരിക്കുന്നുവെന്ന തെളിവ് എൻഐഎയുടെ മുന്നിലുണ്ട്.
കേരളത്തിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ സ്വർണക്കടത്തിലൂടെ ദേശവിരുദ്ധതയും മതതീവ്രവാദവും ലക്ഷ്യമിട്ടിരുന്നതായും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോർട്ട് കോടതിയിലും നൽകിയിട്ടുണ്ട്.
പിടിക്കപ്പെട്ട 20 പ്രതികളിൽ ഭൂരിപക്ഷവും മതതീവ്രവാദത്തിനായി സ്വർണം കടത്താൻ കൂട്ടുനിന്നുവെന്ന് കോടതിയിൽ അറിയിച്ചു കഴിഞ്ഞു. യുഎപിഎ നിലനിർത്തിയാണു പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
അതേസമയം, സ്വർണക്കടത്ത് കേസിൽ യുഎഇ കോണ്സുലേറ്റിലെ ഉദ്യോഗസ്ഥരിൽനിന്നു വിവരം തേടാൻ എൻഐഎ ശ്രമം ആരംഭിച്ചു. യുഎഇയിലുള്ള എൻഐഎ സംഘം ഇതിനുള്ള അനുമതിക്കായി കാത്തുനിൽക്കുന്നതായാണ് സൂചന.
യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നേരത്തെ വിദേശകാര്യമന്ത്രാലയം കത്ത് നൽകിയിരുന്നു. ആദ്യകത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തിൽ വീണ്ടുമൊരു കത്തുകൂടി കേന്ദ്രം നൽകി. ഇക്കാര്യത്തിൽ ഔദ്യോഗികമായ അനുമതിക്ക് സാധ്യത മങ്ങുകയാണ്.
യുഎഇ കോണ്സൽർ ജനറൽ, അറ്റാഷെ എന്നിവരിൽനിന്നു വിവരം ശേഖരിക്കാനുള്ള നീക്കമാണ് എൻഐഎ നടത്തുന്നത്. യുഎഇയിലുള്ള അറ്റാഷെയെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നഭ്യർഥിച്ച് വിദേശകാര്യമന്ത്രാലയം വഴി ഇന്ത്യ നേരത്തേ യുഎഇക്കു കത്ത് നൽകിയിരുന്നു. അതിനിടെ നടപടികളെക്കുറിച്ചു വിദേശകാര്യ മന്ത്രാലയം യുഎഇയുമായി ധാരണയുണ്ടാക്കിയതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
തിരുവനന്തപുരത്തുണ്ടായിരുന്ന അറ്റാഷെയുടെ മൊഴിയെടുക്കുന്നതിനു നേരത്തേ യുഎഇയോട് അനുമതി തേടിയിട്ടുണ്ട്. ഇതു സമ്മതിക്കുമെന്നാണു സൂചന.
യുഎഇ അനുവദിച്ചില്ലെങ്കിൽ ഇവരെ ചോദ്യംചെയ്യാൻ പോലും എൻഐഎയ്ക്കു സാധിക്കില്ല. നയതന്ത്ര കള്ളക്കടത്തിന്റെ സൂത്രധാരന്മാരിൽ ചിലർ ഇപ്പോഴും ദുബായിലാണുള്ളതെന്നാണ് അറസ്റ്റിലായ പ്രതികൾ എൻഐഎയ്ക്കു നൽകിയ മൊഴി.
സ്വർണക്കടത്തിലെ പ്രധാനി ഫൈസൽ ഫാരീദ്, മൂവാറ്റുപുഴ സ്വദേശി റെബിൻസണ് തുടങ്ങിയവർ ദുബായിലാണ്. ഇവരെ കൂടാതെ ചില ഹവാല ഇടപാടുകാരെയും തീവ്രവാദഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്നവരെയും എൻഐഎ നോട്ടമിടുന്നുണ്ട്.
ഇവരെ നാട്ടിലെത്തിച്ചാൽ മാത്രമേ കേസിനു ശക്തിപകരുന്ന തെളിവു ലഭിക്കുകയുള്ളൂ. കേസിൽ നയതന്ത്രപ്രതിനിധികളുടെ പേര് അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.
ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ശ്രമമുണ്ടാകും. ഇതിനിടയിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരടക്കം എട്ടു പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം പതിനെട്ടു വരെ നീട്ടി. കൊച്ചിയിലെ എൻഐഎ കോടതിയാണ് റിമാൻഡ് നീട്ടിയത്.
അതേ സമയം വിവിധ പദ്ധതികളുടെ പേരിൽ വിദേശത്തുനിന്നും വൻതോതിൽ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടന്നിരുന്നുവെന്ന് റിപ്പോർട്ട് ഗൗരവമായിട്ടാണ് എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നത്.
മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശ സന്ദർശനം സംശയനിഴലിലാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ തട്ടിപ്പിനു സമാനമായ ഇടപാടുകൾ സംസ്ഥാനത്ത് വേറെയും നടന്നിട്ടുണ്ടോയെന്നാണ് എൻഫോഴ്സ്മെന്റ് ഇപ്പോൾ പരിശോധിക്കുന്നത്.
20 കോടിയുടെ കരാറിൽ ഏതാണ്ട് നാലരക്കോടി രൂപ കമ്മീഷൻ ഇനത്തിൽ കൈമാറിയെന്നു വ്യക്തമായതോടെ ലൈഫ് മിഷന്റെ കീഴിലുള്ള മറ്റ് ചില പദ്ധതികളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണു നീക്കം.
മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും വിദേശ സന്ദർശനവും കൂടിക്കാഴ്ചകളും കരാറുകളും അന്വേഷണപരിധിയിൽ വരും.
പ്രളയ പുനരധിവാസത്തിന്റെയും റീ ബിൽഡ് കേരളയുടെയും മറവിൽ സംസ്ഥാനത്ത് വൻതോതിൽ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് നേരത്തേ നൽകിയ മുന്നറിയിപ്പും ഇഡിയുടെ പക്കലുണ്ട്.
വിദേശ രാജ്യത്തെ സ്വകാര്യകേന്ദ്രങ്ങളിൽനിന്ന് അനധികൃതമായി സംഭാവന സ്വീകരിക്കുന്നത് നിലവിൽ നിയമത്തിനെതിരാണെന്നും കള്ളപ്പണ ഇടപാടും അഴിമതിയും നടക്കാനിടയുണ്ടെന്നും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതേത്തുടർന്നായിരുന്നു കേന്ദ്ര ഇടപെടൽ.
പ്രളയ പുനരധിവാസത്തിന് സംഭാവന നൽകാനാഗ്രഹിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു.
ജോണ്സണ് വേങ്ങത്തടം