സ്വന്തം ലേഖകൻ
തലശേരി: സ്വര്‍ണക്കടത്തു കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് ഇടപെട്ടതെന്ന സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതോടെ ദുബായിയിലെ അന്വേഷണ ഏജന്‍സികളും ഊര്‍ജിതമായി രംഗത്ത്.
കോണ്‍സുലേറ്റിനെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തിയതു പ്രവാസലോകത്തു മലയാളികളായ പ്രമുഖര്‍ക്കു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ദുബായിൽനിന്നുള്ള റിപ്പോർട്ട്.
സ്വപ്നയുടെ ഈ വെളിപ്പെടുത്തലോടെ ദുബായിയിലെ വ്യവസായ പ്രമുഖരായ ചില മലയാളികളും സംശയത്തിന്റെ നിഴലിലാണ്. ദുബായിയിലെ ഭരണ സംവിധാനങ്ങളുമായി അടുത്തിടപഴകുന്നവരും “സ്വപ്ന സുന്ദരി’യുടെ അടുപ്പക്കാരുമായ ഇടതു സഹയാത്രികനായ മാധ്യമപ്രവര്‍ത്തകനും സാമ്പത്തിക സുരക്ഷാസ്ഥാപനത്തിന്റെ തലവനും കോണ്‍സുലേറ്റിലെ നിത്യ സന്ദര്ശകനുമുള്പ്പെടെയുള്ളവരെ ദുബായ് അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള സിഐഡികള്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ദുബായിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ദുബായിയില്‍ എത്തുന്നവരെ നിരീക്ഷിക്കാന്‍ മലയാളികളായ നിരവധി സിഐഡികള്‍ രംഗത്തുണ്ടാകുക പതിവാണ്.
ദുബായിയിലും തിരയിളക്കം
നയതന്ത്ര പാഴ്സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവം കേരളത്തില്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ദുബായിയിലും അതിന്റെ അലയൊലികൾ ശക്തമാണ്.
ദുബായി രാജകുടുംബവുമായും ഭരണ സംവിധാനവുമായും ഏറ്റവും അടുത്ത് ഇടപഴകുന്നതു മലയാളികളാണ്. ഭരണരംഗത്തെ ഉന്നതരുടെ പേഴ്സണല്‍ സ്റ്റാഫിലും പാലസുകളിലും മലയാളികളുടെ സാന്നിധ്യം ഏറെയാണ്. അതുകൊണ്ടുതന്നെ യുഎഇ ഏജന്‍സികള്‍ ജാഗ്രതയിലാണുള്ളത്.
സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ടു കേരളത്തില്‍നിന്ന് വരുന്ന വാര്‍ത്തകളെല്ലാംതന്നെ കൃത്യമായി ദുബായിയിലെ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. യുഎഇ യിലെ ഏഴ് എമിറേറ്റ്സുകളിലായി ലോകത്തെ ഇരുന്നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള ആളുകള്‍ വസിക്കുന്നുണ്ട്.
എന്നാല്‍, ഇത്തരത്തിലുള്ള ഒരു ആരോപണം യുഎഇ കോണ്‍സുലേറ്റിനെതിരെ ഉയരുന്നത് ആദ്യമായിട്ടാണെനനു ദുബായിയില്‍നിന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അറബികള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മലയാളികളില്‍നിന്ന് ഉണ്ടായിട്ടുള്ള ഈ നീക്കം യുഎഇ ഭരണാധികാരികളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
നിരീക്ഷണം മുറുകും
യുഎഇയിലെ വിമാനത്താവളങ്ങളില്‍ ഇ-ഗേറ്റ് വഴി സുഗമമായി കടന്നു പോകുകയും ലഗേജുകള്‍ക്കു മുന്തിയ പരിഗണ കിട്ടിയിരുന്നവരും ഇനി കൂടുതല്‍ നിരീക്ഷണത്തിലാകും. കോണ്‍സുലേറ്റിന്റെ മറവില്‍ കേരളത്തിലേക്കു സ്വര്‍ണം കടത്തിയതുപോലെ യുഎഇയിലേക്കു ലഹരി വസ്തുക്കള്‍ കടത്താനുള്ള സാധ്യതയും യുഎഇ അധികൃതര്‍ തള്ളിക്കളയുന്നില്ല.
സ്ഥിരമായി യാത്ര ചെയ്യുന്ന വിമാനയാത്രക്കാര്‍ക്കു ലഭിക്കുന്ന സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല.
ഇത്തരം കാര്‍ഡുകള്‍ ഉള്ളവരില്‍ ചിലരും ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കും ആതിഥ്യമരുളിയ പ്രമുഖരും എങ്ങനെയും തങ്ങളുടെ പേര് ഒരു ഭാഗത്തും പരാമർശിക്കപ്പെടാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ്.
തങ്ങളുടെ അതിഥികളായി എത്തിയ പല പ്രമുഖര്‍ക്കൊപ്പം സ്വപ്നയുടെ സാന്നിധ്യമുണ്ടായിരുന്നതാണ് ഇവരെ കൂടുതല്‍ അലട്ടുന്നത്. പലരും ഉന്നതര്‍ക്കൊപ്പം എടുത്തിട്ടുള്ള സെല്‍ഫികളില്‍ സ്വപ്നയും ഉണ്ട്. ഇത്തരം ചിത്രങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ കുടുംബജീവിതം വരെ കലങ്ങുമെന്നു ഭയക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.