മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിന് ആൻജിയോഗ്രാമും കെ.ടി.റമീസിന് എൻഡോസ്കോപി ടെസ്റ്റും നടത്തി. ഇന്നുരാവിലെയാണു രണ്ടുപേരെയും ടെസ്റ്റുകൾക്ക് വിധേയമാക്കിയത്.
നെഞ്ചുവേദനയെ തുടർന്നാണ് സ്വപ്നയെ ആശുപത്രിയിലാക്കിയത്.
റമീസിനു ദേഹാസ്വസ്ഥ്യവും വയറുവേദനയുമാണെന്നാണ് പറഞ്ഞിരുന്നത്.
ആറു ദിവസത്തെ ചികിത്സക്ക് ശേഷം ജയിലിൽ തിരിച്ചെത്തിയതിന്റെ അടുത്ത ദിവസമാണ് സ്വപ്നയെ വീണ്ടും അസുഖമാണെന്നു പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു തിരിച്ചെത്തിച്ചത്.
ഇരുവരുടേയും ടെസ്റ്റ് റിസൾട്ടുകൾ പരിശോധിച്ച് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇവർക്ക് ഡിസ്ചാർജ് നൽകണോ തുടർചികിത്സ നൽകണോ എന്ന കാര്യം തീരുമാനിക്കും. എൻഐഎ കോടതിക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ടും നൽകും.
റമീസിനെ ഇന്ന് ഡിസ്ചാർജ്ചെയ്തേക്കും, സ്വപ്നയെ ആശുപത്രിയിൽനിന്നു മാറ്റില്ല
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി.റമീസിനെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും.
എൻഡോസ്കോപി ടെസ്റ്റ് നടത്തിക്കഴിഞ്ഞ റമീസിന് കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് സൂചന. അതേസമയം ആൻജിയോഗ്രാം നടത്തിയ സ്വപ്ന സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല.
അതേ സമയം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കം അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ ഹ!ർജി കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് എൻഐഎ കോടതിയെ സമീപിച്ചിട്ടുള്ളത്.
പ്രതികളുടെ ഫോണ്, ലാപ്ടോപ് എന്നിവയിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് എൻഐഎ ശ്രമം.