സൂര്യനാരായണന്
കൊച്ചി: വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് നടക്കുമ്പോള്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനായി സ്വർണക്കടത്ത് സംഘം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സ്ത്രീകളെ.
ഇവരുടെ കെണിയില്‍ അകപ്പെടുന്ന ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങളുടെ ഫോട്ടോകളും വീഡിയോകളും കള്ളക്കടത്ത് ലോബിയുടെ കൈകളിലുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരെ വരച്ചവരയില്‍ നിർത്താന്‍ സ്ത്രീകൾക്കാകും. അതുകൊണ്ട് ഒരിക്കല്‍ ഇവരുടെ വലയില്‍ അകപ്പെട്ട ഉദ്യോഗസ്ഥനു പിന്നീട് രക്ഷപ്പെടാനാകില്ല.
തിരുവനന്തപുരത്തെ നയതന്ത്ര കള്ളക്കടത്തു കേസില്‍ സ്വര്‍ണക്കടത്ത് ലോബി സ്വപ്ന സുരേഷിനെ ഉപയോഗപ്പെടുത്തിയത് ദുബായ് കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയെന്ന നിലയില്‍ മാത്രമല്ല, വളഞ്ഞ വഴിയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ കൂടിയായിരുന്നുവെന്നു മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറും സ്വപ്നയും തമ്മിലുള്ള സൗഹൃദം പുറത്തു വന്നതോടെ വ്യക്തമായി.
ശിവശങ്കര്‍ മാത്രമല്ല, പോലീസുകാര്‍ ഉള്‍പ്പെടെ വേറെയും പ്രമുഖ ഉദ്യോഗസ്ഥര്‍ സ്വപ്നയുടെ കെണിയില്‍ വീണിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന് സര്‍ക്കാര്‍ വാഹനത്തിലും സ്വകാര്യവാഹനത്തിലും ഒരു സ്ത്രീയുടെ വസതിയില്‍ കയറിയിറങ്ങുന്നതു തന്നെ സ്വര്‍ണക്കടത്തുകാരുടെ വിജയമാണ്.
കൂടാതെ സ്വപ്ന സുരേഷിനെ ലക്ഷങ്ങള്‍ ശമ്പളം നല്കി ഐടി വകുപ്പില്‍ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 2019 മേയ് 13ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ദുബായ് വിമാനത്തില്‍നിന്ന് 25 കിലോ സ്വര്‍ണം പിടിച്ചെടുത്ത കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടായിരുന്നു.
പെണ്‍കെണിയിലൂടെയാണ് ഇവരെയും സ്വര്‍ണക്കടത്ത് ലോബി വലയില്‍ വീഴ്ത്തിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ കഴക്കൂട്ടത്തുകാരി സറീന, കള്ളക്കടത്തിന്റെ സൂത്രധാരന്‍ ബിജു മോഹനന്റെ ഭാര്യ തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയായിരുന്നു അന്നു സ്വര്‍ണം കടത്തിയിരുന്നത്.
സറീന ദുബൈയിലെ തന്റെ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെന്ന വ്യാജേന യുവതികളെ കൊണ്ടുപോയി അവര്‍ മുഖേനയും സ്വര്‍ണം കടത്തിയിരുന്നു. ഇവര്‍ ആറ് മാസത്തിനിടെ നാല് തവണ ദുബൈയില്‍നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്തതായി പിന്നീട് കണ്ടെത്തി.
സ്വര്‍ണവുമായി വരുന്ന പുരുഷനൊപ്പം സ്ത്രീയെ ഭാര്യയെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അയച്ച് പരിശോധനകള്‍ മറികടക്കുന്നതാണ് ഇവരുടെ രീതി.
2017 സെപ്റ്റംബറില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്റലിജന്‍സ് വിഭാഗം രണ്ടര കോടിയോളം വില വരുന്ന രണ്ടര കിലോ രത്നം പിടിച്ചെടുത്ത കേസില്‍ മുഖ്യ കണ്ണി മാധവി പൗസ് എന്ന യുവതിയായിരുന്നു.
2000ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നടന്ന ചൈനീസ് സില്‍ക്ക് വേട്ട കേസിലെ മുഖ്യ കണ്ണികളിലൊരാളും ഒരു സുന്ദരിയായിരുന്നു ഉസ്ബെക്കിസ്ഥാന് സ്വദേശിനി ഓള്‍ഗ കൊസിരേവ.
കസ്റ്റംസ് ഉദ്യോഗസ്ഥരെ വലയിലാക്കി ശതകോടികളുടെ ചൈനീസ് സില്‍ക്കാണ് ഇവര്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയത്. 10 മാസത്തിനിടെ ഉസ്ബെക്കിസ്ഥാനില്‍ നിന്ന് 68 തവണയാണ് ഓള്‍ഗ ഇന്ത്യയിലേക്ക് പറന്നത്.
2000 ഓഗസ്റ്റ് 28ന് ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനലില്‍ വച്ച് കസ്റ്റംസ് സംഘം പിടികൂടുമ്പോള്‍ 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സില്‍ക്കിന്റെ 27 ബാഗുകള്‍ അവരുടെ കൈവശമുണ്ടായിരുന്നു. ഓരോ തവണയും ഇത്രയും സില്‍ക്ക് ബാഗുകളുമായിട്ടായിരുന്നു അവരുടെ വരവ്.
ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഓള്‍ഗയുടെ അടിക്കടിയുള്ള വരവും കള്ളക്കടത്തും. ഈ ഉപകാരത്തിനു പ്രത്യുപകാരമായി കള്ളക്കടത്ത് സംഘം ഉദ്യോഗസ്ഥര്‍ക്ക് കിടക്ക പങ്കിടാന്‍ ഉസ്ബെക്കിസ്ഥാന് സ്വദേശികളായ സ്ത്രീകളെ അയച്ചു കൊടുത്തിരുന്നതായി സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ കേസില്‍ എന്‍ഐഎയിലാണ് ജനത്തിന്റെ പ്രതീക്ഷ. പ്രതികളെ പിടികൂടാന്‍ എന്‍ഐഎയും സംഘവും ശക്തമായ അന്വേഷണം നടക്കുമ്പോള്‍ തന്നെ മറ്റു വിമാനത്താവളങ്ങളിലൂടെ സ്വര്‍ണക്കടത്ത് യഥേഷ്ടം തുടരുകയാണ്.