തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയ സംഭവത്തിൽ വ്യാജരേഖ ചമച്ചതായും സൂചന. കേസിൽ സ്വപ്ന സുരേഷ് വന്പൻ സ്രാവാണെന്നുമാണ് കസ്റ്റംസ് നൽകുന്ന വിവരം.
നയതന്ത്ര പാഴ്സലിന്റെ കസ്റ്റംസ് ക്ലിയറൻസിന് സർക്കാരിന്റെ അനുമതി വാങ്ങിയിരുന്നു. എന്നാൽ രണ്ട് വർഷമായി പ്രോട്ടോക്കോൾ ഓഫീസറുടെ ഒപ്പ് വാങ്ങിയിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ഒപ്പ് കള്ളക്കടത്ത് സംഘം വ്യാജമായി ചമച്ചതായാണ് സംശയം.
യുഎഇ സ്വദേശിയായ അറ്റാഷെക്കുള്ള ഭക്ഷ്യവസ്തുക്കൾ എന്ന പേരിലാണ് കേസിൽ അറസ്റ്റിലായ സരിത് സ്വർണം അടങ്ങിയ കാർഗോ ഡിപ്ലോമാറ്റിക് ചാനലിലൂടെ പുറത്ത് എത്തിച്ചതെന്നാണ് കസ്റ്റംസ് റിമാൻഡ് റിപ്പോർട്ട്.
നയതന്ത്ര പരിശോധന തടയാൻ അറ്റാഷേ നേരിട്ടെത്തിയതായും വിവരങ്ങളുണ്ട്. അതേസമയം, തനിക്ക് സ്വർണക്കടത്തിൽ യാതോരു പങ്കുമില്ലെന്നാണ് അറ്റാഷേ കസ്റ്റംസിന് നൽകിയ മൊഴി.
സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകയായ യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന സുരേഷ് ഇപ്പോൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു. സ്വപ്നയെ ഐടി വകുപ്പിൽനിന്നു പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.