കൊച്ചി: രണ്ടാംപ്രതി സ്വപ്നയെയും നാലാംപ്രതി സന്ദീപിനെയും ചോദ്യംചെയ്തതില്‍നിന്നു സ്വര്‍ണക്കടത്തിനു പിന്നിലെ വമ്പന്‍ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞതായി എൻഐഎ. സന്ദീപിന്റെയും സ്വപ്ന സുരേഷിന്റെയും കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇതു പറയുന്നത്.
പ്രതികള്‍ എല്ലാവരും ഒന്നിച്ചും അല്ലാതെയും നിരവധി തവണ സംസ്ഥാനത്തിന്റെ പലയിടത്തും ഒത്തുകൂടിയതിനു തെളിവുകള്‍ ലഭിച്ചു.
സ്വപ്നയ്ക്ക് കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്തുമായും സന്ദീപ് നായരുമായും അടുത്ത ബന്ധമാണുള്ളത്. ഇവരെല്ലാവരും സര്ണക്കടത്തിനു പ്രതിഫലമായി പണം കൈപ്പറ്റി. സരിത്താണ് സ്വപ്നയ്ക്കും സന്ദീപിനും പണം കൈമാറിയിരുന്നു.
അതേസമയം കോവിഡ് വ്യാപനത്തിന്റെ മറവില്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയിട്ടിരുന്നതായി നാലാം പ്രതി സന്ദീപ് നായര്‍ എന്‍ഐഎക്കു മൊഴി നല്കി.
ലോകമാകെ കോവിഡ് പടരുന്ന അവസരം മുതലാക്കി കൂടുതല്‍ സ്വര്‍ണം കടത്താന്‍ കേസിലെ പ്രതിയായ കെ.ടി. റമീസാണ് തന്നെ നിര്‍ബന്ധിച്ചെന്നുമാണ് സന്ദീപിന്റെ മൊഴിയിലുള്ളത്.
എന്‍ഐഎ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രധാനി റമീസാണ്. ഇയാളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. രാജ്യത്തിനകത്തും പുറത്തും റമീസിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നും സന്ദീപ് വെളിപ്പെടുത്തി.