കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഗൂഗിള്‍ ഡ്രൈവില്‍നിന്ന് എന്‍ഐഎ വീണ്ടെടുത്ത ചാറ്റുകളില്‍ പരിധി വിടുന്ന പലതും ഉണ്ടെന്നത് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മന്ത്രി ഉൾപ്പെടെയുള്ള ഉന്നതൻമാരുടെ ഉറക്കം കെടുത്തുന്നു.
സംസ്ഥാന സര്‍ക്കാരുമായി ബന്ധമുള്ളതും അല്ലാത്തതുമായ പലരുമായും സ്വപ്ന സ്വകാര്യ ഫോണ്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകളാണ് എന്‍ഐഎ കണ്ടെടുത്തത്. ഇവ സ്ക്രീന്‍ ഷോട്ടുകളാക്കി ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇത്തരം സ്വകാര്യ ചാറ്റുകള്‍ താന്‍ പിടിക്കപ്പെടാതിരിക്കാനോ പിടിക്കപ്പെടുന്ന ഘട്ടത്തില്‍ രക്ഷപെടുന്നതിനോ ബ്ലാക്ക് മെയിലിംഗിനായി ഉപയോഗിക്കാനാകാം ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചതെന്നാണ് എന്‍ഐഎ കരുതുന്നത്. ഇക്കാര്യങ്ങള്‍ എന്‍ഐഎയുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്.
മന്ത്രിയുടെ വീട്ടിലെത്തി
സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എന്‍ഐഎയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിംഗിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകന് സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നുമാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൂടുതല്‍ ഉന്നതരെ പ്രതിസ്ഥാനത്തേക്കു കൊണ്ടുവരുമെന്ന സൂചനകളാണ് എന്ഐഎയിൽനിന്നു ലഭിക്കുന്നത്.
പെന്‍ഡ്രൈവ്, ലാപ്ടോപ്, മൊബൈല്‍ഫോണ്‍ ഇവയില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളാണ് കേസിനു കൂടുതല്‍ കരുത്തു പകരുന്നത്.
സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത് കേസുകളില്‍ പ്രധാനപ്രതിയായ കെ.ടി. റമീസിന്റെ വസതിയില്‍നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ സ്വര്‍ണ, ഹവാല, ലഹരിക്കടത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ്.
വിദേശ സമ്മേളനങ്ങൾ
സ്വപ്ന, സന്ദീപ് ഉള്‍പ്പെടെയുള്ളവരില്‍നിന്നും ലഭിച്ച തെളിവുകളിലാണ് വിദേശത്തുള്ള പ്രോഗ്രാമുകളുംവിരുന്നുകളും ഉന്നതരുടെ സമ്മേളനങ്ങളും ഉള്‍പ്പെടുന്നത്.
ഇതു സംബന്ധിച്ചു ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സ്വര്‍ണക്കടത്തു പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഉന്നതര്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കേണ്ടിവരുമെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. ഈ തെളിവിന്റെ വെളിച്ചത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
കേരളത്തിലെ രാഷ്്ട്രീയ, ഉദ്യോഗസ്ഥതലത്തിലുള്ള പ്രമുഖര്‍ക്കു വിദേശത്തൊരുക്കിയ പാര്‍ട്ടികളും ഡിജിറ്റല്‍ രേഖയായി അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.
പ്രതികളുടെ ഫോണും പെന്‍ഡ്രൈവും ലാപ്ടോപ്പും പരിശോധിച്ചതു കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണെന്നതാണ് മറ്റൊരു കാര്യം.
രേഖകളില്‍ കൃത്രിമത്വം കാണിച്ചുവെന്ന രീതിയിലുള്ള ഒരു പരാതിയും ഉയരാതെയിരിക്കാനാണ് കേരളത്തില്‍ത്തന്നെ ഡിജിറ്റല്‍ പരിശോധന നടത്തിയത്.
സ്വര്‍ണക്കടത്തിലും ലഹരിക്കടത്തിലും ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരിലേക്കു അടുക്കാന്‍ അധിക സമയമില്ലെന്നാണ് ഇതു സംബന്ധിച്ചു അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.