സ്വന്തം ലേഖകൻ
പാലക്കാട്: സർക്കാറിന്റെ നെഞ്ചിടിപ്പ് കൂട്ടി പുതിയ ശബ്ദരേഖ പുറത്തുവിടാനൊരുങ്ങി സ്വപ്ന സുരേഷ്.
മുഖ്യമന്ത്രിക്ക് വേണ്ടി ദൂതനായി എത്തി എന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണ്‍ താനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നു വൈകിട്ട് മൂന്നിന് പുറത്തുവിടുമെന്നാണ് സ്വപ്നയുടെ പുതിയ ഭീഷണി.
നേരത്തെ രാവിലെ ഒന്‍പതിന് ശബ്ദരേഖ പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നെങ്കിലും പിന്നീട് വൈകിട്ട് മൂന്ന് മണിക്ക് മാത്രമേ ശബ്ദരേഖ പുറത്തുംവിടുള്ളു എന്നാണ് സ്വപ്നയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുക.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം.
ഇത് തെളിയിക്കാൻ ആവശ്യമായ ശബ്ദരേഖ കൈയിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം.
സ്വപ്ന നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാകും ശബ്ദരേഖയിൽ ഉണ്ടാവുക എന്നാണ് സൂചനയെങ്കിലും രാഷ്ട്രീയകേരളം ആകാംഷയോടെയാണ് മൂന്നുമണിക്ക് പുറത്തു വരാൻ പോകുന്ന ശബ്ദരേഖയ്ക്കുവേണ്ടി കാതോർത്തു കാത്തിരിക്കുന്നത്.
അതിനിടെ വൈകീട്ട് മൂന്നു മണിക്കുള്ളിൽ മറ്റെന്തെങ്കിലും നാടകീയ സംഭവങ്ങൾ ഉണ്ടാകുമോ എന്ന് ആകാംക്ഷയും നിലനിൽക്കുന്നുണ്ട്.
ഷാജ് കിരണ്‍ ആർക്കു വേണ്ടി വന്നു എന്ന് തെളിയിക്കുന്ന എന്തെങ്കിലും സൂചനകൾ ഇന്ന് പുറത്തു വിടുന്ന ശബ്ദരേഖയിൽ ഉണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ശബ്ദരേഖ പുറത്ത് വിടുന്ന കാര്യം സ്വപ്നയുടെ അഭിഭാഷകരാണ് വെളിപ്പെടുത്തിയത്.
എല്ലാം തുറന്നുപറയാനൊരുങ്ങുന്ന സ്വപ്നയ്ക്കു ചുറ്റും പോലീസ് കാവൽ; ഇതുവരെ പറയാത്ത കാര്യങ്ങൾ ഇന്നു പറയുമോ..?
പാലക്കാട്: ഇന്നുവൈകീട്ട് മൂന്നിന് എല്ലാം തുറന്നുപറയാനൊരുങ്ങുന്ന സ്വപ്ന സുരേഷിനു ചുറ്റും പോലീസിന്റെ കാവൽവലയം.
ഇന്നുരാവിലെ മുതൽ സ്വപ്നയുടെ ഓഫീസും ഫ്ളാറ്റും കർശനമായ പോലീസ് നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനാണെന്ന് സ്വപ്ന പറയുന്ന ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നുരാവിലെ ഒന്‍പതിന് പുറത്തുവിടുമെന്ന് പറഞ്ഞിരുന്ന സ്വപ്ന പിന്നീട് സമയം വൈകീട്ട് മൂന്നിന് മാറ്റുകയായിരുന്നു.
ഒന്‍പതിന് വെളിപ്പെടുത്തുമെന്ന് കരുതി രാവിലെ മുതൽ തന്നെ പോലീസും രഹസ്യാന്വേഷണവിഭാഗവും സ്വപ്നയുടെയും അഭിഭാഷകരുടേയും സ്വപ്നയുമായി അടുത്തു ബന്ധമുള്ളവരുടേയും നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് സൂചന.
സ്വപ്നയ്ക്കു ചുറ്റും ഇത്രയും പോലീസ് കാവൽ ഒരുക്കിയിരിക്കുന്നത് സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്താണെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ സ്വപ്ന ഷാജ് കിരണിനെക്കുറിച്ച് പറഞ്ഞതിൽ കൂടുതലോ അതല്ലാതെ മറ്റെന്തെങ്കിലുമോ ഇന്ന് വെളിപ്പെടുത്തുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാഷണങ്ങളാണ് ഇന്ന വൈകീട്ട് വെളിപ്പെടുത്തുക എന്നാണ് സ്വപ്നയുടെ അഭിഭാഷകർ പറയുന്നത്.
സ്വപ്നയും ഷാജ് കിരണും നേരിൽ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളോ ശബ്ദരേഖയോ പുറത്തുവിടുമോ എന്ന് വ്യക്തമല്ല.
ഇന്നലെ വൈകീട്ട് പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ എല്ലാ സംശയങ്ങൾക്കും തന്റെ കൈയിൽ തെളിവുണ്ടെന്ന് സ്വപ്ന പറഞ്ഞിരുന്നു.
തന്റെ സുഹൃത്തായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെയാണ് സംസാരിക്കാനെത്തിയതെന്ന് സ്വപ്നയും സരിത്തും ആവർത്തിക്കുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് കുമാർ എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ പലതവണ സംസാരിച്ചുവെന്നും സ്വപ്ന പറഞ്ഞിരുന്നു.
തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്ത് വിടുന്നതെന്നും സ്വപ്ന പറയുന്നു.
എന്നാൽ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് താൻ സംസാരിക്കാനെത്തിയതെന്ന സ്വപ്നയുടെ ആരോപണങ്ങൾ ഷാജ് കിരണ്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. സ്വപ്നയുടെ ബെസ്റ്റ് ഫ്രണ്ടാണ് താനെന്നും ഷാജ് കിരണ്‍ സമ്മതിച്ചിരുന്നു.