ബംഗളൂരൂ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് സ്വപ്നാ സുരേഷ്.
വിജേഷ് പിള്ളയ്ക്കെതിരായ പരാതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് സ്വപ്നയുടെ പ്രതികരണം.
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം അല്ലെങ്കില്‍ മാപ്പ് പറയണമെന്നാണ് ഗോവിന്ദന്റെ ആവശ്യം. മാപ്പ് പറയാന്‍ താന്‍ ഒരിയ്ക്കല്‍ കൂടി ജനിക്കണമെന്നും സ്വപ്ന പറഞ്ഞു.
സ്വര്‍ണക്കടത്തുകേസില്‍ വിജയ് പിള്ളയ്ക്കൊപ്പം ഒത്തുതീര്‍പ്പിനെത്തിയ ആളെ പോലീസ് കണ്ടെത്തുമാണ് പ്രതീക്ഷ.
നേരത്തെ ഷാജ് കിരണ്‍ എന്നൊരു അവതാരം വന്നു. താന്‍ ജനങ്ങളുടെ മുന്നിലെത്തി എല്ലാം തുറന്നുപറഞ്ഞപ്പോള്‍ കൊച്ചി ക്രൈബ്രാഞ്ച് അയാളെ രക്ഷപെടുത്തി, തനിക്കെതിരെ കേസെടുത്തെന്നും സ്വപ്ന പറഞ്ഞു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തനിക്കെതിരെ കേസെടുത്താലും അതിനെ നേരിടും. എല്ലാം വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയോടും കുടുംബത്തോടും പറയാനുള്ളത്.
ചാനല്‍ ചര്‍ച്ചയില്‍ ഹസ്കര്‍ എന്നൊരാള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. തന്റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിക്കാന്‍ ഹസ്കര്‍ ആരാണ്.
സി.എം.രവീന്ദ്രന് പത്ത് പാസായോയെന്ന് അദ്ദേഹം ആദ്യം അന്വേഷിക്കെട്ടെ. ഈ സര്‍ക്കാരില്‍ എത്രപേര്‍ പത്ത് പാസായിട്ടുണ്ടെന്നും സ്വപ്ന വിമര്‍ശിച്ചു.
മുഖ്യമന്ത്രി എന്നില്‍ എന്തെങ്കിലും ഗുണം കണ്ടിട്ടാകും സ്പേസ് പാര്‍ക്കില്‍ ജോലി തന്നത്. ഹസ്കറിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സ്വപ്ന പറഞ്ഞു.
വിജേഷ് പിള്ളയുടെ ഭീഷണി: സ്വപ്ന സുരേഷിന്റെ മൊഴിയെടുത്തു
ബംഗളൂരു: വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സ്വപ്ന സുരേഷിന്റെ മൊഴി കര്‍ണാടക പോലീസ് രേഖപ്പെടുത്തി. രാവിലെ പത്തരയോടെ സ്വപ്ന കടുകുടി പോലീസ് സ്റ്റേഷനില്‍ എത്തി.
ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുചുമത്തിയാണ് വിജേഷ് പിള്ളയ്ക്കെതിരെ പോലീസ് കേസെടുത്തത്.
സ്വര്‍ണക്കടത്തു കേസില്‍ കോടതിയില്‍ കൊടുത്ത മൊഴി തിരുത്താന്‍ പണം വാഗ്ദാനം ചെയ്തെന്നും വഴങ്ങിയില്ലെങ്കില്‍ ജീവന് അപകടത്തിലാകുമെന്ന് വിജേഷ് ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്നയുടെ പരാതി.
സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായെന്ന ആരോപണം ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് വിജേഷ് പിള്ളയെ തന്റെ അടുത്തേയ്ക്ക് അയച്ചതെന്നും സ്വപ്ന ആരോപിച്ചിരുന്നു.